കൽപറ്റ: ജീവനൊടുക്കിയ വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീർത്തത്. കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിര്‍ദ്ദേശം മാനിച്ചാണ് തീരുമാനം. കടം ഏറ്റെടുക്കാന്‍ സിപിഎം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന കുടിശ്ശികയാണിത്. നേരത്തെ 20 ലക്ഷം കുടുംബത്തിന് നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് എൻ എം വിജയന്റെ കുടുംബം പ്രതികരിച്ചത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മുമ്പ് എൻ എം വിജയന്റെ കുടുംബം ഉയർത്തിയത്. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു. എൻ എം വിജയന്റെ എല്ലാ ബാധ്യതകളും തീർക്കുമെന്ന് പറഞ്ഞതല്ലേയെന്നും അവർ ചോദിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ നിർണായക ഇടപെടലെന്നതും ശ്രദ്ധേയമാണ്.
എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്. മരുമകള്‍ ആത്മഹത്യാ ശ്രമവും നടത്തി. മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു ഈ വിവാദം വീണ്ടും ആളി കത്തിയത്.
വിഷയം വഷളാക്കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിരാശരാണ്. വയനാടിലെ എംപി പ്രിയങ്കാ ഗാന്ധിയാണ്. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടല്‍ വിഷയത്തില്‍ ഉണ്ടായില്ലെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. ഈ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടിരുന്നു. തിരുവഞ്ചൂരാണ് കുടുംബത്തെ ആശ്വസിപ്പിച്ചതും എല്ലാ വാക്കും കൊടുത്തത്. ഇത് പാലിക്കപ്പെടാത്തതില്‍ തിരുവഞ്ചൂരും അതൃപ്തനായിരുന്നു. കെസി വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടു. അങ്ങനെയാണ് കടം തീര്‍ക്കുന്നത്.
എൻ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പരമാവധി ഇടപെട്ടിരുന്നുവെന്ന് വിവാദങ്ങൾക്കിടെ ടി സിദ്ധിഖ് എംഎൽഎ പ്രതികരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ പാർട്ടി പാലിക്കില്ലെന്ന് എൻ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താൻ മുൻകൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു.










