ഇരിക്കൂറിനു വേണ്ടാത്ത കെ.സി ജോസഫിനെ ചങ്ങനാശേരിയ്ക്കും വേണ്ട: മുപ്പതു വർഷമായി ഇരിക്കൂറുകാർ ചുമക്കുന്ന കെ സിയെ ചങ്ങനാശേരിയുടെ പരിസരത്ത് അടുപ്പിക്കില്ലന്ന് കോൺഗ്രസുകാർ; ഇരിക്കൂറിലും – ചങ്ങനാശേരിയിലും കെ.സിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തകർ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതാക്കൾ സീറ്റിനായി ഇടിച്ചു നിൽക്കുന്നു. കേരള കോൺഗ്രസ് കൂടി മുന്നണി വിട്ടതോടെ കോട്ടയത്ത് സീറ്റു പിടിക്കാൻ കോൺഗ്രസ് നേതാക്കളുടെ കൂട്ടയിടി. ഏഴു സീറ്റുകൾ എങ്കിലും കയ്യിൽ കിട്ടുന്നതോടെ കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ കൂട്ടിയിടിക്കുകയാണ്. ഇതിനിടെയാണ്, മുപ്പതു വർഷത്തോളമായി ഇരിക്കൂർ സീറ്റിന്റെ എം.എൽ.എ ആയിരിക്കുന്ന കെ.സി ജോസഫ് കോട്ടയത്ത് മത്സരിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ചങ്ങനാശേരി മണ്ഡലത്തിലേയ്ക്കാണ് കെ.സി ജോസഫ് ലക്ഷ്യം ഇട്ടിരിക്കുന്നത്. ചങ്ങനാശേരി മണ്ഡലത്തിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് നോട്ടമിട്ടിരിക്കുന്നത്. ചങ്ങനാശേരി നിലവിൽ കേരള കോൺഗ്രസിന്റെ സിറ്റിംങ് സീറ്റാണ്. ഇവിടെ എം.എൽ.എയായിരുന്ന സി.എഫ് തോമസ് കഴിഞ്ഞ വർഷം നിര്യാതനായിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കൈവശമുള്ള ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ചങ്ങനാശേരി സീറ്റിൽ മത്സരിക്കാൻ തയ്യറായി കെ.സി ജോസഫ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ, ഇരിക്കൂറിൽ 30 വർഷം എം.എൽ.എയായ കെ.സി ജോസഫിനോടു ആ നാട്ടിൽ കടുത്ത എതിർപ്പാണ്. കഴിഞ്ഞ തവണ നാട്ടുകാരുടെ കടുത്ത എതിർപ്പിനെയും, കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിനെയും അവഗണിച്ചാണ് സീറ്റ് നേടിയത്. വോട്ട് ചോദിച്ച് വന്നതല്ലാതെ പിന്നീടിതു വരെ കെ സിയെ ഇരിക്കൂറിൽ കണ്ടിട്ടില്ലന്ന് നാട്ടുകാർ പറയുന്നു.. കടുത്ത എതിർപ്പാണ് ഇരിക്കൂറിൽ കെ.സി ജോസഫിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ തന്നെയാണ് കെ.സി ജോസഫ് ഇക്കുറി ഇരിക്കൂർ വിട്ട് മറ്റൊരു താവളം തേടുന്നത്.

എന്നാൽ, കെ.സി ജോസഫിന്റെ ഈ താവളം മാറ്റത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. ചങ്ങനാശേരിയിലെയും, ഇരിക്കൂറിലെയും കോൺഗ്രസ് നേതാക്കൾ തന്നെ വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇരിക്കൂറിലെ കോൺഗ്രസ് നേതാക്കൾ കെ.സി ജോസഫിനെതിരെ പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയിൽ ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്.

ഇത് കൂടാതെയാണ് ചങ്ങനാശേരിയിൽ കെ.സിയെ വേണ്ടെന്നു വയ്ക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ പ്രചാരണം. കെ.സി ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കാൻ എത്തിയാൽ വൻ തിരിച്ചടിയുണ്ടാകുമെന്നു കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. കോൺഗ്രസിൽ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്കുണ്ടാകുമെന്നും, കോൺഗ്രസിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. ഇത് തന്നെയാണ് കെ.സി ജോസഫിനെതിരെ ഇരിക്കൂറിലും നടക്കുന്നത്. മുപ്പതു വർഷത്തോളമായി എം.എൽ.എയും, മന്ത്രിയുമായി നിൽക്കുന്ന കെ.സി ജോസഫ് യുവ നേതൃത്വത്തിന് മുന്നിൽ  മാറി നിൽക്കണമെന്ന നിലപാട് തന്നെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.

Top