കെവിന്റെ വീഴ്ചയും ഏറ്റുമാനൂരിലെ ഉയർച്ചയും: മാധ്യമങ്ങൾ കാണാതെ പോയ കൈകാര്യ മികവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് പാഠമാക്കാവുന്ന രണ്ടു സംഭവങ്ങൾ; കിട്ടിയത് കല്ലേറും കയ്യടിയും

സ്വന്തം ലേഖകൻ

കോട്ടയം: കൈകാര്യ പിഴവിന്റെ പേരിൽ കെവിൻ വധക്കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ  ആഘോഷമാക്കിയ മാധ്യമങ്ങൾ കാണാതെ  പോയ  ഒന്ന്  ഇങ്ങ്  ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുണ്ടായി. കെവിൻ കേസിനു സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു സംഭവത്തെ, തന്ത്രപരമായ കയ്യടക്കത്തിലൂടെയും അനുഭവസമ്പത്തിലൂടെയും കൃത്യമായി പരിഹരിച്ചു. ഒന്ന് പാളിപ്പോയാൽ ഏറെ പഴി കേൾക്കുമായിരുന്ന സംഭവമാണ് കൃത്യമായ കയ്യടക്കത്തോടെ കൈകാര്യം  ചെയ്ത് പൊലീസ് കൈകാര്യം ചെയ്തത്.
കെവിനും നീനുവും വീടുവിട്ടിറങ്ങിയതിനു  സമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കിസ്മത്ത് പടിയിൽ  നടന്നത്. സാഹചര്യങ്ങളെല്ലാം  രണ്ടു  കേസിലും  സമാനം. രണ്ടിലും രണ്ടു വർഷം നീണ്ട പ്രണയം. രണ്ടു കേസിലും  പ്രണയിനികൾ  ഔദ്യോഗികമായി  വിവാഹിതരായിട്ടുമില്ല. കെവിന്റെ കേസിൽ പെൺകുട്ടിയുടെ വീട്ടുകാരായിരുന്നുവെങ്കിൽ  ഇവിടെ  കാമുകന്റെ പിതാവ് തന്നെയായിരുന്നു പ്രണയക്കഥയിലെ  വില്ലൻ. രണ്ടു സംഭവങ്ങളും ആദ്യം എത്തിയത് പൊലീസ് സ്റ്റേഷനിൽ  തന്നെ. കെ വിൻ  നീനുവിനെ  തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി  ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്  നീനുവിന്റെ പിതാവായിരുന്നു. എന്നാൽ, വീടിന്റെ പടികടന്നെത്തിയ  കമിതാക്കളെ കൈ പിടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്  കാമുകന്റെ  പിതാവായിരുന്നു. ഇവിടെ വരെ കാര്യങ്ങൾ രണ്ടു കേസിലും തുലോം തുല്യം. പിന്നീട് കെവിൻ  കേസിൽ പൊലീസ്  ഇടപെടൽ  പാളം തെറ്റിയപ്പോൾ , ഒരു നൂലിലെന്ന പോൽ എല്ലാം കൃത്യമാക്കി കയ്യടി വാങ്ങി ഏറ്റുമാനൂർ പൊലീസ്.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷന്റെ  ചുമതലയുണ്ടായിരുന്ന എസ്.ഐ എം.എസ് ഷിബു, കാമുകനൊപ്പം പോകുന്ന പെൺകുട്ടിയുടെ പിതാവിന്റെ  മാനസികാവസ്ഥയ്ക്കൊപ്പം നിന്ന് കേസ് കൈകാര്യം  ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ  കുടുംബത്തിനു വേണ്ടി വാദിച്ച എസ്ഐ നിയമ വശങ്ങളെല്ലാം മറന്ന് ഒരു പിതാവ് മാത്രമായി മാറി. അഞ്ചു വർഷത്തിൽ താഴെ മാത്രം പ്രവർത്തിപരിചയമുള്ള ഷിബുവിന്റെ കൈകാര്യക്കുറവ് വൻ വീഴ്ചയ്ക്കാണ് ഇടയാക്കിയത്. നീനുവിനെ മാതാപിതാക്കൾക്കൊപ്പം വിടാൻ സ്വന്തം നിലയിൽ എസ് ഐ തീരുമാനിച്ചത് മുതൽ തുടങ്ങി പിഴവിന്റെ  ഘോഷയാത്ര. എല്ലാം വന്നു നിന്നത് കെവിന്റെ  മരണത്തിലും  നാടകീയമായ സംഭവങ്ങളിലുമാണ്.
എന്നാൽ , കമിതാക്കളെയുമായി യുവാവിന്റെ  പിതാവ് സ്റ്റേഷനിലെത്തിയതോടെ എറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ എ.ജെ തോമസ്  വിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ പിതാവിനെ  വിളിച്ചു വരുത്തി. എന്നിട്ടും കുട്ടി കാമുകനൊപ്പം തന്നേ പോകുമെന്ന നിലപാട് എടുത്തു. ഇരുവരെയും വീട്ടിൽ കയറ്റില്ലെന്ന് ഭീഷണി മുഴക്കി കാമുകന്റെ പിതാവ് ഒറ്റക്കാലിലും നിന്നു. എന്നാൽ , ഈ സമ്മർദങ്ങൾക്ക് വശംവദനാകാതെ സി.ഐ യുവതിയെയും യുവാവിനെയും  നേരെ ഏറ്റുമാനൂർ കോടതിയിലേക്ക് അയച്ചു. സുപ്രീം കോടതി  വിധി ഉദ്ധരിച്ച കോടതി പെൺകുട്ടിയെ  കാമുകനൊപ്പം  പോകാൻ  സമ്മതിച്ചു. കോടതി പറഞ്ഞതോടെ കാമുകന്റെ  പിതാവിനും സമ്മതം. കാര്യമില്ലാതെ  പഴി കേൾക്കില്ലെന്ന് ഉറപ്പിച്ച് പൊലീസും  പിരിഞ്ഞു.
രണ്ടു സംഭവങ്ങളിലും  വ്യക്തമാകുന്നത് പ്രവർത്തിപരിചയത്തിന്റെയും കൈകാര്യ മികവിന്റെയും പാഠങ്ങളാണ്. കെവിൻ കേസ് അനുഭവ സമ്പത്തിന്റെ കുറവിന്റെ  പേരിലാണ് എസ് ഐ ഷിബു ലാഘവത്തോടെ കൈകാര്യം ചെയ്തത്. മാത്രമല്ല വിഷയത്തെ വൈകാരികമായാണ് സമീപിച്ചത്. എന്നാൽ , വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള സിഐ തോമസ് വിഷയത്തെ  വൈകാരികമായി സമീപിച്ചില്ല. പകരം, കൃത്യമായ നിയമത്തിന്റെ  അളവുകോൽ ഉപയോഗിച്ച്  അളന്നിട്ടു. ഇതു തന്നെയാണ് കെവിൻ അടക്കമുള്ള  പൊലീസ് വീഴ്ചകളുടെ പ്രധാന കാരണവും. മേൽനോട്ടത്തിന്  സി ഐമാരില്ലാതിരുന്ന  ഗാന്ധിനഗർ , വരാപ്പുഴ , കോവളം സ്റ്റേഷനുകളിലുണ്ടായ സംഭവങ്ങളാണ്  പൊലീസിനെ ഇപ്പോൾ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top