എഐസിസി വക്താവ് ഖുശ്ബു ബിജെപിയിൽ ചേർന്നു..

ന്യുഡൽഹി :നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തിയാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നൽകിയത്.ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു.

‘പാർട്ടിയുടെ ചില ഉന്നത സ്ഥാനത്തിരിക്കുന്ന, അടിസ്ഥാന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, പൊതു അംഗീകാരം ഇല്ലാത്ത ആളുകളാണ് നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത്. എന്നെപ്പോലെ പാർട്ടിക്കു വേണ്ട് ആത്മാർഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ അടിച്ചമർത്തപ്പെടുകയോ തള്ളിമാറ്റപ്പെടുകയോ ചെയ്യപ്പെടുകയാണ്’ എന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ ഖുശ്ബു പറയുന്നത്.

2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയായത്. ഇക്കാലത്തിനിടയിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അർത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഇന്നലെ ഖുശ്ബു ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.

Top