പ്രചരണത്തിനിടയില്‍ കയറിപ്പിടിച്ചവന്റെ ചെകിട്ടത്തടിച്ച് ഖുശ്ബു; രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് നടി

ബംഗളുരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിന്നില്‍ നിന്ന് ശല്യം ചെയ്തയാളുടെ ചെകിട്ടത്തടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. പിന്നില്‍ നിന്നും കയറിപ്പിടിച്ചയാളാണ് ഖുശ്ബുവിന്റെ കയ്യുടെ ചൂടറിഞ്ഞത്. ബംഗളുരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ അതിക്രമം ഉണ്ടായത്. ബുധനാഴ്ചയാണ് സംഭവം.

പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളുടെ മുഖത്തടിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്.

പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവര്‍ അക്രമിയുടെ മുഖത്തടിച്ചത്. ഈ യുവാവിനെ ഉടന്‍ തന്നെ പോലീസ് ഇടപെട്ട് നീക്കി. അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് പറഞ്ഞു.

അതേസമയം പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പോലീസ് അറിയിച്ചു.

Latest