കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങാനൊരുങ്ങുന്നു…പ്രതീക്ഷ നഷ്ടപ്പെട്ട എല്‍ഡിഎഫ് മാണിയെ പൂട്ടും ?

കൊച്ചി:ബാർ കോഴ അഴിമതി ആരോപണത്തിൽ രാജി വെച്ച് പുറത്ത് പോകേണ്ടി വന്ന കെ എം മാണി വീണ്ടും തിരിച്ച് യുഡിഎഫ് മുന്നണിയിലേക്ക് വരുന്നു .മുന്നണിയിലേക്കു മടങ്ങിവരാനുള്ള യു.ഡി.എഫ്‌. നേതാക്കളുടെ കൂട്ടായ അഭ്യര്‍ഥന കെ.എം. മാണി ചെവിക്കൊണ്ടെന്നാണ് സൂചന. ഇന്നു പാലായില്‍ മാണിയുടെ വസതിയില്‍ ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിനു ശേഷം തീരുമാനം പ്രഖ്യാപിക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍, മുസ്ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവര്‍ ഇന്നലെ മാണിയുടെ വസതിയിലെത്തി യു.ഡി.എഫിലേക്കു തിരിച്ചുവിളിച്ചു. കെ.എം. മാണി രാത്രിയില്‍ ജോസ്‌ കെ. മാണി എം.പിയുമായും ഏറ്റവുമടുത്ത നേതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ യു.ഡി.എഫിലേക്കുള്ള മടക്കം ധാരണയായെന്നാണു വിവരം. യു.ഡി.എഫിനോടു നിഷേധാത്മക നിലപാടില്ലെന്നു മാണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എം. മാണി യു.ഡി.എഫിലേക്കു തിരിച്ചുവരണമെന്നാണ്‌ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ചെങ്ങന്നൂരില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കു കേരളാ കോണ്‍ഗ്രസി(എം)ന്റെ പിന്തുണ ആവശ്യപ്പെട്ടെന്നും ഒന്നേകാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കു ശേഷം രമേശ്‌ ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ്‌. നേതൃനിരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച മാണിയുടെ മടക്കം എല്ലാവരുടെയും ആഗ്രഹമാണെന്ന്‌ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. കേരളാ കോണ്‍ഗ്രസ്‌ യു.ഡി.എഫിന്റെ അനിവാര്യഘടകമാണെന്നു ഹസനും യു.ഡി.എഫിനൊപ്പം കേരളാ കോണ്‍ഗ്രസ്‌ എന്നുമുണ്ടാകണമെന്നു കുഞ്ഞാലിക്കുട്ടിയും മാണിയോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെയും കെ.എം. മാണിയെയും സി.പി.ഐ. നേതാക്കളും വി.എസ്‌. അച്യുതാനന്ദനും പരസ്യമായി അപമാനിച്ചിട്ടും സി.പി.എം. നേതൃത്വം മൗനംപാലിച്ചതില്‍ കേരളാ കോണ്‍ഗ്രസിലുള്ള കടുത്ത അസംതൃപ്‌തിയാണു യു.ഡി.എഫ്‌. നേതാക്കള്‍ ആയുധമാക്കിയത്‌.

അതേസമയം മാണിയുടെ തീരുമാനം വരാനിരിക്കെ എല്‍ഡിഎഫ് നേതാക്കള്‍ ആശയക്കുഴപ്പത്തില്‍. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവര്‍ മാണിയെ അവഗണിക്കില്ലന്ന് എം.എം മണി പറഞ്ഞപ്പോള്‍, മാണി ഒപ്പമില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ ജയി‌ക്കുമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം കരുതലോടെയാണ് യു.ഡി.എഫ് ചുവടുകള്‍

മാണിയുടെ പിന്തുണയില്‍ അനിശ്ചിതത്വം നിലനിന്നപ്പോള്‍ തന്നെ ആര്‍ജവത്തോടെ നിലപാട് പറഞ്ഞ സി.പി.എം നേതാവ് വി.എസ് മാത്രമാണ്. കേരള കോണ്‍ഗ്രസ് തീരുമാനം വരാന്‍ മണികേകൂറുകള്‍ മാത്രം ശേഷിക്കെ മാണിയെ പിണക്കാതെ വി.എസിന്റെ നിലപാട് തള്ളുകയാണ് മന്ത്രി എം.എം മണി. മാണിയെ വില കുറച്ചു കാണുന്നില്ലെങ്കിലും ചാഞ്ചാടി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതീക്ഷ നഷ്‌ടപ്പെടുന്നുവെന്ന സൂചനയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രധാന ചുമതലക്കാരന്‍ എം.വി ഗോവിന്ദന്‍ നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എം പിന്തുണയില്‍ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. .പ്രകോപനമൊന്നുമില്ലാതെ കരുതലോടെയാണ് യുഡിഎഫിന്റെ നീക്കങ്ങളും.

ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എം.എല്‍.എമാരായ കെ.എം. മാണി, പി.ജെ. ജോസഫ്‌, സി.എഫ്‌. തോമസ്‌, മോന്‍സ്‌ ജോസഫ്‌, റോഷി അഗസ്‌റ്റിന്‍, എന്‍. ജയരാജ്‌ എന്നിവരും എം.പിമാരായ ജോസ്‌ കെ. മാണി, ജോയി ഏബ്രഹാം, പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ തോമസ്‌ ജോസഫ്‌ , പി.ടി. ജോസ്‌ എന്നിവരുമാണു സമിതിയിലുള്ളത്‌.

Top