ലസ്സി ഷോപ്പിന് പിന്നാലെ മറ്റു ഗോഡൗണുകളിലും റെയ്ഡ്; സാംപിളുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു

കൊച്ചി നഗരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ലസ്സി നിര്‍മ്മാണം നടക്കുന്ന മൊത്തവിതരണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ, മറ്റു ഗോഡൗണുകളിലും റെയ്ഡ് തുടരുന്നു. കാക്കനാട് കുന്നുംപുറത്തെ ‘ദേശി കൂപ്പ’യുടെ ഗോഡൗണിലാണ് ഇപ്പോള്‍ കൊച്ചി നഗരസഭാ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് പരിശോധന.  കഴിഞ്ഞ ദിവസം കൊച്ചിയിലെ മാമംഗലം പൊറ്റക്കുഴിറോഡിലെ ഭാഗ്യധാരാലൈനിലെ ഇരുനില വീട്ടിലെ ലസ്സി ഷോപ്പിന്റെ മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമം നടത്തിയ റെയ്ഡ് റെയ്ഡിനിടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ലസ്സി നിര്‍മ്മാണമെന്ന് കണ്ടെത്തിയിരുന്നു. വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം അടക്കമുള്ളയിടത്താണ് ലസ്സി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തു സൂക്ഷിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കൃത്രിമ ലസ്സിയുണ്ടാക്കുന്നതിനുള്ള പൊടിയും സംഘം ഇവിടെ നിന്നും പിടിച്ചെടുത്തു. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം രാസവസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്. ലസ്സി ഉണ്ടാക്കാനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ വൃത്തിഹീനമായ ടോയ്ലറ്റില്‍ നിന്നും. കൊച്ചിയില്‍ ഈയിടെയായി നിരവധി ലസ്സി ഷോപ്പുകള്‍ ആരംഭിച്ചതിന് പിന്നില്‍ വന്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇതിനിടെ വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥലം കാണപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമ ലസ്സി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനെതിരെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Top