പാലക്കാട്: 20 ഏക്കറിലധികം വസ്തുവകകള്‍ തുടങ്ങി കോടികളുടെ ആസ്തി ഉണ്ടായിരുന്ന അമ്മ മക്കള്‍ ഉപേക്ഷിച്ചതിനാല്‍ നരകിച്ച് ജീവിക്കുന്നു. സ്വത്ത് വകകള്‍ സ്വന്തം പേരിലായപ്പോഴാണ് മക്കള്‍ അമ്മയെ ഉപേക്ഷിച്ച് കടന്നത്. ഭക്ഷണവും മരുന്നും കിട്ടാതെ 87കാരിയായ അമ്മ ഇടിഞ്ഞ് വീഴാറായ പഴയ തറവാട്ട് വീട്ടിനകത്ത് കിടപ്പിലാണ്. പരസഹായമില്ലാതെ എണീക്കാനോ ദിനചര്യകള്‍ ചെയ്യുവാനോ സാധിക്കാത്ത അവസ്ഥയിലാണ് ആലംപള്ളത്തെ പൊന്നമ്മാള്‍. ഒരാഴ്ചയായി ആ വീടിനകത്തേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഭക്ഷണവും കിട്ടുന്നില്ല.
പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ ആലംപളളത്തെ പൊന്നമ്മാളെയാണ് മക്കള്‍ ഉപേക്ഷിച്ചു പോയത്. കുറച്ച് ദൂരെയായി താമസിക്കുന്ന മകള്‍ സത്യഭാമ വല്ലപ്പോഴും കൊണ്ട് വന്ന് കൊടുക്കുന്ന ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് കിട്ടിയിരുന്നത്.
കോടികളുടെ സ്വത്തുക്കള്‍ അടുത്തകാലം വരെ പൊന്നമ്മാളുടെ പേരില്‍ ഉണ്ടായിരുന്നു. 20 ഏക്കറിലധികം സ്ഥലവും പുരയിടവും ഉണ്ടായിരുന്നു. മക്കള്‍ ഏഴുപേര്‍ക്കും കൂടി ഇതെല്ലാം വീതിച്ചു നല്‍കി. ഇപ്പോള്‍ താമസിക്കുന്ന പഴയ തറവാട്ട് വീടും ഒന്നരയേക്കര്‍ പുരയിടവും അടുത്ത കാലത്തായി മക്കള്‍ക്ക് വീതിച്ചു കൊടുത്തു.പൊന്നമ്മാളുടെ പക്കല്‍ ഉണ്ടായിരുന്ന അവസാനത്തെ സ്വത്തും കിട്ടിയതോടെ മക്കള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.
മൂന്ന് ആണ്‍മക്കളും നാലു പെണ്‍മക്കളുമാണ് പൊന്നമ്മാളിന്. എല്ലാവരും നല്ല സാമ്പത്തിക സ്ഥിതിയുള്ളവര്‍. ഇതില്‍ മൂന്നുമക്കള്‍ പൊന്നമ്മാള്‍ താമസിക്കുന്ന പുതുശ്ശേരി പഞ്ചായത്തില്‍ തന്നെ താമസിക്കുന്നവരാണ്. ബാക്കിയുള്ളവര്‍ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അടുത്ത പ്രദേശമായ കോയമ്പത്തൂരും താമസിക്കുന്നു. എന്നാല്‍ ഇവരില്‍ ഒരു മകള്‍ വല്ലപ്പോഴും വന്ന് നോക്കുമെന്നല്ലാതെ മറ്റാരും തിരിഞ്ഞു നോക്കാറില്ല.
അമ്മ ഒരു ബാധ്യതയായി വന്നതോടെ മക്കള്‍ എല്ലാവരും കൂടി അവരുടെ വീട്ടില്‍ 28 ദിവസം വെച്ച് കൊണ്ടു പോയി നിര്‍ത്തി നോക്കാമെന്ന് പരസ്പരം കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് എട്ട്മാസം മുമ്പ് വരെ 28 ദിവസം എന്ന രീതിയില്‍ ഓരോ വീട്ടിലും നിര്‍ത്തി. 28 ദിവസം പൂര്‍ത്തിയായി 29 ന് രാവിലെ തന്നെ അമ്മയും കൊണ്ട് മക്കള്‍ അടുത്തയാളുടെ വീട്ടിലെത്തും. ആ സമയത്ത് കരാര്‍ പ്രകാരം നോക്കേണ്ട മകനോ മകളോ സ്ഥലത്ത് ഇല്ലെങ്കില്‍ പകരം ആരു നിര്‍ത്തുമെന്ന തര്‍ക്കം മക്കള്‍ തമ്മിലുണ്ടാവും.
അതിനാല്‍, കയ്യില്‍ ഉണ്ടായിരുന്ന 80,000 രൂപയ്ക്ക് ഒരു ഹോംനേഴ്സിനെ പൊന്നമ്മാള്‍ തന്നെ കുറച്ച് കാലം വെച്ചിരുന്നു. തന്നെ നോക്കുന്നതിന് മക്കള്‍ പരസ്പരം കണക്ക് പറഞ്ഞ് അടികൂടുന്നത് പൊന്നമ്മാളെ വേദനിപ്പിച്ചതിനാലായിരുന്നു ഇത്. കൂടാതെ താമസിപ്പിക്കുന്ന മക്കളുടെ എല്ലാ വീട്ടിലും പീഡനവും മരുന്നും ഭക്ഷണവും ശരിക്കും കിട്ടാതെയുമായപ്പോഴാണ് തനിച്ച് തറവാട്ട് വീട്ടില്‍ ഹോം നേഴ്സിനെ വെച്ച് കഴിയാനുള്ള തീരുമാനം പൊന്നമ്മാള്‍ എടുത്തത്. എന്നാല്‍ കയ്യിലുള്ള പണം തീര്‍ന്ന് ശമ്പളം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ഹോം നേഴ്സും വരവ് നിര്‍ത്തി.
മൂന്ന് വര്‍ഷം മുമ്പാണ് പൊന്നമ്മാളുടെ ഭര്‍ത്താവ് കൃഷ്ണന്‍ ചെട്ടിയാര്‍ മരിച്ചുപോയത്. സമാനമായ പീഡനങ്ങളേറ്റ് നരകിച്ചാണ് കൃഷ്ണന്‍ ചെട്ടിയാരുടേയും മരണം നടന്നതെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. ‘മരുന്നും ഭക്ഷണവും കിട്ടണം, ഈ വീട്ടില്‍ തന്നെ കിടന്ന് മരിക്കണം, മക്കളെ കൊണ്ട് അത് ചെയ്യിക്കാന്‍ വല്ല നിയമ വഴികളുമുണ്ടോ? ‘പൊന്നമ്മാളിന് അറിയേണ്ടത് ഇക്കാര്യം മാത്രമാണ്.


