അമിത് ഷായുടെ സമ്മേളനത്തിനെത്തിയ സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചു; അടിവസ്ത്രം വരെ അഴിക്കേണ്ടി വന്നെന്ന് പരാതി

റായ്പൂര്‍: അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിനെത്തിയ സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചു. അടിവസ്ത്രം വരെ അഴിച്ചു പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് പരിശോധന നടന്നത്. സ്ത്രീ സുരക്ഷയെ കുറിച്ച് ആവര്‍ത്തിക്കുന്ന ബിജെപിയുടെ യോഗത്തില്‍ തന്നെ സ്ത്രീകള്‍ അപമാനിതരായെന്നത് വിവാദമാകുന്നു.

ചത്തീസ്ഗഡിലാണ് വിവാദമായ സംഭവം. ബിലായ് ചരോദ ജില്ലയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലി നടത്തിയിരുന്നു. റാലിയുടെ ഭാഗമായി നടന്ന സമ്മേളനത്തിനെത്തിയ സ്ത്രീകളാണ് അപമാനിക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ചത്തീസ്ഗഡ്. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ സ്ത്രീകളെ മാറ്റി നിര്‍ത്തിയായിരുന്നു പരിശോധന. പോലീസ് ഓഫീസര്‍മാര്‍ തന്നെയാണ് പരിശോധിച്ചത്. വനിതാ പോലീസുകാരുടെ മേല്‍ന്നോട്ടത്തിലായിരുന്നു വസ്ത്രമഴിക്കല്‍. സുരക്ഷയുടെ പേരിലാണിതെല്ലാം ചെയ്തത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയവരെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ഷാ പങ്കെടുക്കുന്ന പരിപാടിയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടാകുമെന്ന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. കറുത്ത വസ്ത്രം ധരിച്ച സ്ത്രീകളെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു.

അടിവസ്ത്രം വരെ അഴിച്ചുപരിശോധിച്ചുവെന്നാണ് ആരോപണം. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. കറുത്ത തുണി ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്നറിയാനാണ് വസ്ത്രമഴിച്ച് പരിശോധിച്ചത്. വനിതാ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു റാലിയും പൊതുപരിപാടിയും.

മഹിളാ മഹാ സമ്മേളനം ബിജെപി മുന്‍കൈയ്യെടുത്ത് നടത്തിയതായിരുന്നു. തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചത്തീസ്ഗഡില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയുമായി അടുപ്പിക്കുക, പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റാലിയും പൊതുപരിപാടിയും സംഘടിപ്പിച്ചത്. എന്നാല്‍ വിവാദമായ പരിശോധന പരിപാടിയുടെ നിറംകെടുത്തി.

സമ്മേളന കവാടത്തിന് അടുത്ത് തന്നെ വനിതാ പോലീസ് ഓഫീസര്‍മാര്‍ നിന്നിരുന്നുവെന്ന് ജന്‍സട്ട റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ എത്തുമ്പോള്‍ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയ ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്. വസ്ത്രത്തിന്റെ ഭാഗമായി കറുത്ത ചെറിയ തുണി പോലും ശരീരത്തിലുള്ളവരെ പറഞ്ഞുവിട്ടു.

പുരുഷന്‍മാരെ അപമാനിച്ച ബിജെപിയെ കുറിച്ച് നേരത്തെ കേട്ടതാണ്. എന്നാല്‍ ഇപ്പോഴിതാ അവര്‍ സ്ത്രീകളെയും അപമാനിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി നേതാക്കളുടെ രോഗം ബാധിച്ച മനസാണ് ഇതിനെല്ലാം കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് കിരണ്‍മയി കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമാണ്. എന്നാല്‍ അവരില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കിരണ്‍മയി പറഞ്ഞു. പെണ്‍കുട്ടികളെ രക്ഷിക്കാനും വിദ്യാഭ്യാസം നല്‍കാനും എപ്പോഴും പറയുന്നവരാണ് ബിജെപി. യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുരുഷന്‍മാരെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. പുരുഷന്‍മാരുടെ പാദരക്ഷകളും ബെല്‍റ്റും വരെ അഴിപ്പിച്ചിട്ടുണ്ടെന്നും കറുപ്പ് ധരിച്ച് വന്നാല്‍ ബിജെപിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മറ്റു ചില പാര്‍ട്ടികളും ബിജെപി യോഗത്തില്‍ നടന്ന സംഭവത്തിനെതിരെ രംഗത്തെത്തി.

Top