ഉദിനൂര്‍:സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോൾ വരനെ കാണാനില്ല. മൂഹൂർത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തിൽ എത്താതിരുന്ന വരനെ അന്വേഷിച്ച് പൊലീസ് ചെന്നപ്പോൾ കണ്ടത് ഒന്നും അറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന വരനെയും.
കിനാത്തിൽ തോട്ടുകരയിലെ എ.വി.ഷിജു(26)വും സമീപപ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹം തൃക്കരിപ്പൂർ ചക്രപാണിക്ഷേത്രത്തിൽ വെച്ച് ബുധനാഴ്ച നടത്താനായിരുന്നുതീരുമാനിച്ചിരുന്നത്. മുഹൂർത്തസമയം അവസാനിക്കാറായിട്ടും വരനെയും ബന്ധുക്കളെയും കാണാതായതോടെ ഇയാളുടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.പയ്യന്റെ വീട്ടുകാർക്കും കല്ല്യാണക്കാര്യം അറിയില്ല. തുടർന്ന് യുവതിയും ബന്ധുക്കളും ചന്തേര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സ്റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മിൽ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വരനും വീട്ടുകാരും. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് യുവാവിനെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.
നിർമ്മാണത്തൊഴിലാളിയായ യുവാവും യുവതിയും തമ്മിൽ മൊബൈൽ ഫോൺ വഴിയാണ് പ്രണയം ആരംഭിച്ചത്. പ്രണയബന്ധം വളർന്നതോടെ യുവാവ് വിട്ടുകാരറിയാതെയാണ് വിവാഹത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചത്. വധുവിന്റെ വീട്ടുകാർ 200 പേർക്കുള്ള ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.


