പറക്കലിനിടെ യാത്രക്കാരന്‍ വാതില്‍ പാതി തള്ളിത്തുറന്നു..വിമാനത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും , അടിയന്തരമായി തിരിച്ചിറക്കി…

ന്യൂയോര്‍ക് : പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ ബലമായി തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് യാത്ര തിരിച്ച ഡെല്‍റ്റ എയര്‍വേയ്‌സിലാണ് കയ്യാങ്കളിയും നാടകീയ രംഗങ്ങളുമുണ്ടായത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒന്നാം ക്ലാസ് യാത്രക്കാരനായ ജോസഫ് ഡാനിയേല്‍ ഹ്യൂഡെക് ആണ് 221 യാത്രക്കാരുടെ ജീവന്‍ പന്താടി വിമാനത്തില്‍ അക്രമം അഴിച്ചുവിട്ടത്. ഇയാള്‍ പൊടുന്നനെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തടയാനെത്തിയ ജീവനക്കാരെയും യാത്രക്കാരെയും ഇയാള്‍ മര്‍ദ്ദിച്ചു. വിമാനത്തിന്റെ മുന്നിലുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് വനിതാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ ഇയാള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.ഫ്‌ളോറിഡ സ്വദേശിയായ ഇയാളുടെ അഴിഞ്ഞാട്ടം അതിരുവിട്ടതോടെ വിമാന ജീവനക്കാരില്‍ ഒരാള്‍ ഇയാളെ വൈന്‍ പോട്ടില്‍ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.കയ്യാങ്കളിയും വാക്കേറ്റവും രൂക്ഷമായതോടെയാണ് വിമാനം സിയാറ്റിലിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.ഹ്യൂഡെക് വിമാന വാതില്‍ പാതി തുറന്നിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അറിയിച്ചു. ഇയാള്‍ക്കെതിരെ സുരക്ഷാ സേന കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top