ആത്മഹത്യയെങ്കില്‍ എന്തായിരിക്കും കാരണം;ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്വേഷണ സംഘം; അവസാനമായി ഫോണില്‍ സംസാരിച്ചവരെ ചോദ്യം ചെയ്യും

ചാലക്കുടി: കലാഭവന്‍ മണി ആത്മഹത്യ ചെയ്യുന്നെങ്കില്‍ എന്തായിരിക്കും കാരണം. അത്തരത്തിലുള്ള സാധ്യതകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കുടംബപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സഹോദരനും ഭാര്യയും വ്യാക്തമാക്കുന്നു. കൊലപാതകമല്ല അല്ലെങ്കില്‍ ആത്മഹത്യ എന്ന നിലപാടിലാണ് പോലീസ്. പക്ഷെ എന്തിന് മണി ആത്മഹത്യ ചെയ്തു എന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. മണി അവസാനമായി ഫോണില്‍ സംസാരിച്ചവരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ

.
അതേസമയം, മണിയുടെ മരണത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കം പ്രതികളാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തല്‍കാലം കൊലപാതകത്തിലേക്ക് വിരല്‍ ചുണ്ടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ് ചാരായം വിറ്റത് മാത്രം ചുമത്തിയത്. അതിനിടെ, കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി: പി.എന്‍. ഉണ്ണിരാജന്‍, ഡിവൈഎസ്പി: സോജന്‍ എന്നിവരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചേനത്തുനാട്ടിലെ വീടിന് അടുത്തുള്ള കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഏഴുസെന്റ് വാഴത്തോട്ടത്തില്‍ നിന്നാണ് ക്ലോര്‍ പൈറിഫോസ് കീടനാശിനിയുടെ ഉള്‍പ്പെടെ ഏഴ് കുപ്പികള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് കുപ്പികള്‍ ക്ലോര്‍ പൈറിഫോസിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 100 മില്ലിഗ്രാമിന്റെ ഒരു കുപ്പി പൊട്ടിച്ച നിലയിലാണ്. സാധാരണയായി വാഴക്കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. ഈ കുപ്പിയിലുള്ള വിഷം തന്നെയാണോ മണിയുടെ ശരീരത്തില്‍ എത്തിപ്പെട്ടതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയാണെന്ന് അറിയുന്നു.

കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായ കീടനാശിനിയുടെ ഉറവിടം തേടുന്ന പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. സാമ്പത്തിക താത്പര്യത്തിനായി മണിയെ ചിലര്‍ ഉപയോഗിച്ചിരുന്നുവെന്ന സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍, അവശനിലയിലായ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ചെലവിനായി മാനേജര്‍ പരമാവധി ശ്രമിച്ചിട്ടും 27,000 രൂപ മാത്രമാണ് ലഭിച്ചതെന്ന ഡോ. സുമേഷിന്റെ വെളിപ്പെടുത്തല്‍, പണം നഷ്ടപ്പെടുന്നതില്‍ മണി ദുഃഖിതനായിരുന്നുവെന്ന ഭാര്യ നിമ്മിയുടെ വെളിപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണിത്. മണി ആര്‍ക്കെങ്കിലും ഭീമമായ തുക വായ്പ നല്‍കിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ ഫോണ്‍കാള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

അന്വേഷണ സംഘം ഇതിനകം 140ല്‍ അധികം പേരെ ചോദ്യംചെയ്തു. മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പലരെയും വീണ്ടും ചോദ്യംചെയ്യും. ജാഫര്‍ ഇടുക്കി, തരികിട സാബു എന്നിവരെ ആവശ്യം വന്നാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തലവന്‍ പറഞ്ഞു. ഇവരെയും കസ്റ്റഡിയിലുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മണിയുടെ രക്തസാമ്പിളുകളും മറ്റും രണ്ടാംഘട്ട രാസപരിശോധനയ്ക്ക് അയയ്ക്കും. പാടിയിലെ റസ്റ്റ് ഹൗസില്‍ കീടനാശിനി എത്തിയതെങ്ങനെ, മുരുകനും വിപിനും അരുണും റസ്റ്റ് ഹൗസ് വൃത്തിയാക്കിയതെന്തിന്, പ്‌ളാസ്റ്റിക് കവറുകളില്‍ ഇവര്‍ അതിരാവിലെ കടത്തിയതെന്താണ്, മണി കഴിക്കാറില്ലെങ്കില്‍ ചാരായം കൊണ്ടുവരാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് തുടങ്ങിയ കാര്യങ്ങളില്‍ നല്ല രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു.

കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ കൊച്ചിയിലെ രാസപരിശോധനാ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഫൊറന്‍സിക് സര്‍ജന്മാരായ ഡോ.പി.എ. ഷീജു, ഡോ. രാഗില്‍, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ പരിശോധനാ ഫലങ്ങള്‍ പങ്കുവച്ചു.

Top