മഞ്ചേശ്വരം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്; സുരേന്ദ്രന് എതിരില്ലാതെ യുഡിഎഫ്; സിപിഎം വീണ്ടും മൂന്നാം സ്ഥാനത്തേക്ക്

കേരള രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനമാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിനുള്ളത്. കഴിഞ്ഞ കുറച്ച് തവണകളായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് മരണപ്പെട്ടതോട്കൂടി മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവാണ് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് നിന്നും വെറും 89 വോട്ടിന് അബ്ദുള്‍ റസാഖിനോട് തോറ്റ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ എംഎല്‍എ സ്വപ്നത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. ബിജെപിയുടെ സ്വാധീന മണ്ഡലമെന്നതാണു മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. കഴിഞ്ഞ തവണത്തെ പരാജയത്തിനെതിരെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ വീണ്ടും സ്ഥാനാര്‍ഥിയാകാനാണു സാധ്യത. തിരുവനന്തപുരത്തെ നേമത്ത് ഒ.രാജഗോപാലിലൂടെ വിരിഞ്ഞ താമര മഞ്ചേശ്വരത്തും വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല വിഷയത്തിലെ ജനവികാരം വോട്ടാക്കി മാറ്റാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ശബരിമലയില്‍ കോണ്‍ഗ്രസിന്റെ നിലപാട്  ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ളതാണ്. സ്വന്തം അണികളിൽ ബിജെപി ചായ്വ് സൃഷ്ടിക്കാനാണ് കോൺഗ്രസ് സമരം ഉപകരിച്ചത്.

തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്ലിം ലീഗിന്റെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപിക്ക് സിപിഎമ്മിനൊപ്പമോ അതില്‍കൂടുതലോ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. 1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഈ കണക്കുകളാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. കെ.സുരേന്ദ്രനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

ചെര്‍ക്കളം അബ്ദുള്ള കോട്ടയാക്കിയതാണ് മഞ്ചേശ്വരം. ഇടയ്ക്ക് വിള്ളലുണ്ടാക്കി ഇടതു പക്ഷം എത്തിയപ്പോള്‍ മുസ്ലിം ലീഗ് ആകെ പ്രതിസന്ധിയിലായി. കാസര്‍ഗോഡിന്റെ രാഷ്ട്രീയം ലീഗിന് എതിരാകാനുള്ള സാധ്യത പോലും തിരിച്ചറിഞ്ഞു. കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരത്തില്‍ ബിജെപിയും എന്നും കരുത്തരായിരുന്നു. ഈ ത്രികോണ പോരിന്റെ ചൂടില്‍ ചെര്‍ക്കുളം 2006ല്‍ മൂന്നാമതായി.

ഇതോടെ ലീഗിന് തിരിച്ചടി നേരിട്ടെന്ന് ഏവരും കരുതി. ഈ മൂന്നാം സ്ഥാനത്ത് നിന്ന് മഞ്ചേശ്വരത്തെ പിടിച്ചെടുക്കാന്‍ ലീഗ് കണ്ടെത്തിയ തുറുപ്പ് ചീട്ടായിരുന്നു അബ്ദുള്‍ റസാഖ്. മഞ്ചേശ്വരത്തെ സിപിഎം കോട്ടയാക്കിയെന്ന് കരുതിയ ഇടതുപക്ഷത്തെ ഞെട്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ വീണ്ടും ലീഗ് ചിഹ്നത്തില്‍ എത്തി. 5828 വോട്ടിന് വീണ്ടും അതിര്‍ത്തി മണ്ഡലത്തെ വലതു പക്ഷത്ത് എത്തിച്ചു. 2016ല്‍ 89 വോട്ടിനും നിലനിര്‍ത്തി. ശബരിമല വിഷയത്തോടെ ശക്തി പ്രാപിച്ച ബിജെപിയുടെ നോട്ടം ഇനി മഞ്ചേശ്വരമാണ്.

Top