സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഡാലോചന വാദത്തിന്റെ മുനയൊടിയുന്നതായി സൂചന. സംഭവത്തിൽ ഗൂഡാലോചന സൂചന നൽകിയ നടി മഞ്ജുവാര്യർ മൊഴി നൽകിയത് ഗൂഡാലോചനയെ സാധൂകരിക്കുന്നില്ലെന്ന സൂചന. പൊലീസ് മൊഴിയെടുക്കാൻ മഞ്ജുവിനെ വിളിച്ചെങ്കിലും ദിലീപിനെതിരായ മൊഴിയൊന്നും മഞ്ജു നൽകിയിട്ടില്ലെന്നാണ് സൂചന.
ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് ഉന്നത ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയതിനു ശേഷം മഞ്ജു വാര്യരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ഇതിൽ ക്രിമിനൽ ഗൂഢാലോചനയെ കുറിച്ചുള്ള ചോദ്യത്തിനാണ് കൃത്യമായ മറുപടി പറയാതെ മഞ്ജു ഒഴിഞ്ഞു മാറിയത്.
നടി ആക്രമിക്കപ്പെട്ട സംഭവം നടന്നയുടനെ കൊച്ചിയിൽ താരസംഘടന ‘അമ്മ’ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ക്രിമിനൽ ഗൂഢാലോചന മഞ്ജു ആരോപിച്ചത്.
ഇതേ തുടർന്ന് നടൻ ദിലീപിനെതിരെ പിന്നീട് വാർത്തയുടെ പ്രളയം തന്നെയായിരുന്നു അരങ്ങേറിയത്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വസ്തു ഇടപാടുണ്ടായിരുന്നുവെന്നും ഈ വസ്തു തിരിച്ച് എഴുതി നൽകാതിരുന്നതിനാലാണ് നടിക്കെതിരായ ആക്രമണമെന്നുമായിരുന്നു പ്രചരിച്ച കഥകൾ.
നടി വസ്തു മഞ്ജു വാര്യരുടെ പേരിൽ എഴുതി നൽകാം എന്ന് പറഞ്ഞിരുന്നതായും എന്നാൽ നടൻ ഇതിനെ എതിർത്തതായും വാർത്തകളുണ്ടായിരുന്നു.
ഇതിനിടെ പ്രചരിച്ച വാർത്തകൾക്ക് ബലമേകി പൾസർ സുനിയുടെ കത്തും പുറത്തു വരികയുണ്ടായി.
തുടർന്ന് പതിമൂന്ന് മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിട്ടും നടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളോ വ്യക്തി വൈരാഗ്യം തോന്നത്തക്ക രൂപത്തിലുള്ള അസ്വാഭാവികമായ മറ്റെന്തെങ്കിലുമോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നുമില്ല.
നടിയുമായി നടന് വ്യക്തി വൈരാഗ്യമുള്ളതായി കണ്ടെത്താൻ കഴിയാത്തിടത്തോളം പ്രതിയാക്കാൻ പറ്റില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നത്.
ഇപ്പോഴത്തെ അന്വേഷണ സംഘ തലവൻ ദിനേന്ദ്രകാശ്യപിന്റെ നിലപാടും ഇതു തന്നെയാണ്.
സെൻസേഷന് വേണ്ടി ആരെയെങ്കിലും പ്രതിയാക്കിയാൽ കേസ് കോടതിയിലെത്തുമ്പോൾ ‘പണി’ കിട്ടുമെന്നതാണ് ഉദ്യോഗസ്ഥരെ പിറകോട്ടടിപ്പിക്കുന്നത്.
നടിയുടെ പേരിൽ വസ്തു വാങ്ങിയിട്ടുണ്ടെങ്കിൽ തന്നെ അത് മഞ്ജു വാര്യർ ദിലീപിനൊപ്പം ഉണ്ടായിരുന്ന കാലത്തായിരിക്കും എന്നതിനാൽ മഞ്ജുവിന്റെ മൊഴിക്ക് വലിയ പ്രാധാന്യമാണുള്ളത്.
കേസിൽ പ്രധാന സാക്ഷിയായി മാറേണ്ട തരത്തിൽ ഒരു മൊഴിയാണ് അന്വേഷണ സംഘം മഞ്ജുവിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്.
വിവാഹമോചനത്തിന്റെ ‘ആനുകൂല്യം’ മൊഴിയിൽ പ്രതീക്ഷിച്ചവർക്ക് നിരാശയുണ്ടായതിന് തൊട്ടുപിന്നാലെ ഇപ്പോൾ ജയിലിൽ നിന്ന് പൾസർ സുനിക്കു വേണ്ടി കത്തെഴുതിയ വ്യക്തി മലക്കം മറിഞ്ഞതും തിരിച്ചടിയായിരിക്കുകയാണ്.
പൊലീസ് കസ്റ്റഡിയിൽ പൾസർ സുനി അന്വേഷണ സംഘത്തോട് സഹകരിക്കാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
‘ഒന്നുകിൽ പൾസർ സുനി മന:പൂർവം തെറ്റി ധരിപ്പിക്കുന്നു. അതല്ലെങ്കിൽ മറ്റേതോ ഉന്നത കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു ‘ഈ നിഗമനത്തിലാണിപ്പോൾ അന്വേഷണ സംഘം.
അവസാന ശ്രമമെന്ന നിലയിൽ പൊലീസ് കസ്റ്റഡി തീരും മുൻപ് പൾസറിനെ കൊണ്ടും സഹതടവുകാരെ കൊണ്ടും സത്യം പറയിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസിപ്പോൾ.


