ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ ജോര്‍ജ് കുര്യന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ വരുന്ന ജൂണിൽ അവസാനിക്കും. മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ശക്തരായ സിറോ മലബാർ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ അണിനിരത്തുക എന്നാണ് സൂചന.
കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിൽ പി.സി. ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും മത്സരിക്കുന്നതോടെ മൂന്നിടത്തും താമര വിരിയുമെന്ന വൻ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് നേതാവായിരുന്ന മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ ജോർജ് ജെ. മാത്യു അടക്കമുള്ള പ്രമുഖർ എൻഡിഎ മുന്നണിയിൽ എത്തിയതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
പഴയ വാഴൂർ മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളും ചേർന്ന കാഞ്ഞിരപ്പള്ളിയിൽ 2016ൽ പ്രാദേശിക നേതാവായ വി.എൻ. മനോജ് 15.88 ശതമാനം വോട്ട് വർധിപ്പിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചതോടെയാണ് ബി.ജെ.പി. ശക്തി തെളിയിച്ചത്. 2021ൽ ജയം ലക്ഷ്യമിട്ട് മുൻ എംഎൽഎ കൂടിയായ അൽഫോൻസ് കണ്ണന്താനത്തെ ബി.ജെ.പി. പരീക്ഷിച്ചെങ്കിലും 1.88 ശതമാനം വോട്ട് കുറഞ്ഞതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.










