ഒളിച്ചോടിയ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും കള്ളനോട്ട് കേസില്‍ പ്രതികള്‍; വ്യാജ ലോട്ടറി നിര്‍മിച്ച് സമ്മാനം കൈപ്പറ്റി.മീ​ഡി​യാ​വ​ണ്‍ ചാ​ന​ലി​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി

വടകര: കാണാതായ മൊബൈൽ ഷോപ്പ് ഉടമയും ജോലിക്കാരിയുടെയും കഥയിൽ വീണ്ടും ട്വിസ്റ്റ് . ഒളിച്ചോടിയ ശേഷം പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തൻപുരയിൽ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണയും (32) കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി. ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു കേസ് കൂടി എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. ഈ കേസിൽ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. പുതിയറ ജയിൽറോഡിൽ ഒരു വീടിന്‍റെ ഒന്നാംനിലയിൽ വാടകക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെ നിന്നാണ് നൂറു രൂപയുടെ കള്ളനോട്ടുകൾ നിർമിച്ചത്. ഇതോടൊപ്പം ഇവർ വ്യാജ ലോട്ടറി നിർമിച്ച് സമ്മാനം കൈപ്പറ്റിയതായും പോലീസ് അറിയിച്ചു. സമ്മാനാർഹമായ നന്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീഡിയാവണ്‍ ചാനലിന്‍റെ ഐഡന്‍റിറ്റി കാർഡും ഇവർ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. ഇവയും താമസ സ്ഥലത്ത് നടത്തിയ റെയ്ഡിൽ പോലീസ് പിടിച്ചെടുത്തു. ഇവ നിർമിക്കുന്നതിനു വേണ്ട കംപ്യൂട്ടർ, പ്രിന്‍റർ എന്നിവ ഇവിടെ നിന്നു കണ്ടെടുത്തു.

കള്ളനോട്ട് കേസിൽ പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയി. കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് ഇത്.

മൊബൈൽ ഷോപ്പ് ഉടമയായ അംജാദിനു പിന്നാലെ ജീവനക്കാരി പ്രവീണയേയും കാണാതായത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കെയാണ് പോലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെ വടകര സിഐയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അതിസമർഥമായാണ് പിടികൂടിയത്. മൊബൈൽ ഫോണിന്‍റെയും മറ്റ് ഉപകരണങ്ങളുടേയും ഓണ്‍ലൈണ്‍ ബിസിനസ് നടത്തിവരുകയായിരുന്നു ഇവർ.

ഇടപാടൊക്കെ ഇന്‍റർനെറ്റിലൂടെയായതിനാൽ കണ്ടെത്താൻ ഏറെ പ്രയാസമായി. കംപ്യൂട്ടറിൽ അതിവൈദഗ്ധ്യമുള്ള അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുന്പോൾ പുതിയ സിം കാർഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. ഒരു നന്പറിലേക്കുള്ള വിളിയിൽ സംശയം തോന്നിയ സൈബർ സെൽ പിന്തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കിയാണ് സ്ഥലം കണ്ടെത്തിയതും ഇരുവരേയും പിടികൂടിയതും. താമസകേന്ദ്രത്തിൽ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാൻ സിസിടിവി സ്ഥാപിച്ച് കംപ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങൾ കാണാൻ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസിലാക്കിയ പോലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും പിടികൂടുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജാദിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി.amjad-and-praveena

സപ്തംബർ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ രണ്ടും മാസം പിന്നിട്ടപ്പോൾ കടയിലെ ജീവനക്കാരി പ്രവീണയെയും നവംബർ 13 മുതൽ കാണാതായി. ഇവരുടെ തിരോധാനം നാട്ടിലാകെ സംസാര വിഷയമായി. രണ്ടു പേരുടെയും ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പോലീസിനോട് വിശദീകരണം നൽകാൻ കോടതി നിർദേശിച്ച അവസരത്തിലാണ് ഇവരെ കോഴിക്കോട് നിന്നു കണ്ടെത്തുന്നത്. ഓർക്കാട്ടേരിയിലെ കടയിൽ ജോലി തുടങ്ങിയതു മുതൽ ഇരുവരും നല്ല ബന്ധത്തിലായിരുന്നു. അംജാദിന് ചേച്ചിയാണ് ഏഴു വയസുള്ള കുട്ടിയുടെ അമ്മയായ പ്രവീണ. ഇയാൾ ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രീവീണ സ്ഥലം വിട്ടത്.

ഓർക്കാട്ടേരിയിൽ നിന്നു പ്രവീണ കട പൂട്ടി സ്കൂട്ടറിൽ വടകര സാന്‍റ്ബാങ്ക്സിൽ എത്തിയ ശേഷമാണ് അംജാദ് ഇവരെ ബൈക്കിൽ കോഴിക്കോടേക്ക് കൊണ്ടുപോയത്. സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാന്‍റ്ബാങ്ക്സിൽ കണ്ടെത്തിയിരുന്നു. താൻ മരിക്കുകയാണെന്ന് എഴുതിയ ആത്മഹത്യകുറിപ്പ് ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. നേരത്തെ തന്നെ അംജാദ് കോഴിക്കോട് വീട് വാടകക്കെടുത്തിരുന്നു. സാന്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓണ്‍ലൈൻ ബിസിനസുമൊക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞത്. ഇതിനിടയിലാണ് ഏവരേയും ഞെട്ടിപ്പിച്ച് കൊണ്ട് കള്ളനോട്ട് നിർമാണം നടത്തിയ വിവരവും പുറത്താവുന്നത്. മറ്റു സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നു പരിശോധിക്കുകയാണ് പോലീസ്.

എടച്ചേരി എസ്ഐ കെ. പ്രദീപ്കുമാർ, സിഐയുടെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സി.എച്ച്. ഗംഗാധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി. രാജീവൻ, സിപിഒമാരായ കെ.യൂസഫ്, വി.ഷാജി. പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് അംജാദിനെയും പ്രവീണയേയും കണ്ടെത്തിയത്.

Top