വിജയപ്രതീക്ഷയോടെ കോൺഗ്രസ് !മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്…മധ്യപ്രദേശിൽ 74.61 ഉം മിസോറമിൽ 75 ശതമാനവും

ന്യുഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്. മധ്യപ്രദേശിൽ വൈകിട്ട് ആറു വരെ 74.61 ശതമാനമാണ് പോളിങ്. മിസോറമിൽ‌ 75 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. മധ്യപ്രദേശിൽ പോളിങ് ശതമാനം കൂടിയപ്പോൾ മിസോറമില്‍ അത് കുറഞ്ഞു. 2013ൽ 72.7 ശതമാനമായിരുന്നു മധ്യപ്രദേശിലെ വോട്ടിങ് ശതമാനം. മിസോറമിൽ‌ 2013ൽ 83.4 ശതമാനവും പോളിങ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു പരാതി ഉയർന്നു. കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ അടിയന്തര നടപടി ആവശ്യപ്പെട്ടു രംഗത്തെത്തി

മധ്യപ്രദേശില്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളും, വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. സംസ്ഥാനത്തെ മാവോയിസ്റ്റ് മേഖലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി. കോണ്‍ഗ്രസും മിസോനാഷണല്‍ ഫ്രണ്ടും നേരിട്ട് ഏറ്റുമുട്ടുന്ന മിസോറാമില്‍ വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ള ഏക സംസ്ഥാനമാണ് മിസോറാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസോറാമില്‍ രാവിലെ ഏഴ് മണിക്കും മധ്യപ്രദേശില്‍ രാവിലെ എട്ട് മണിക്കുമാണ് വോട്ടിങ് ആരംഭിച്ചത്. മധ്യപ്രദേശിലെ ഭാലഘട്ട് ജില്ലയിലെ നക്സല്‍ സാന്നിധ്യമുള്ള മൂന്ന് മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണിക്കും വോട്ടിങ് ആരംഭിച്ചു. വിവിപാറ്റ് യന്ത്രങ്ങളും വോട്ടിങ് യന്ത്രങ്ങളും നിരവധിയിടങ്ങളില്‍ തകരാറിലായതോടെ മധ്യപ്രദേശിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസപ്പെടുകയായി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ഈ ബൂത്തുകളിലെ വോട്ടിങ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ കുടുബത്തോടൊപ്പം ബുധിനിയിലെ ജെയിട്ടിലാണ് വോട്ട് ചെയ്തത്. കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നതില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്ന് ജോതിരാദിത്യ സിന്ധ്യയും അവകാശപ്പെട്ടു.അതേസമയം വോട്ടിങിനിടെ മധ്യപ്രദേശിലെ ഗുണയിലും ഇന്‍ഡോറിലും മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു.

മൂന്നു മണിക്കൂറിലധികം വോട്ടെടുപ്പ് നിർത്തിവച്ച പോളിങ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് കമൽനാഥ് ഭോപ്പാലിൽ പറഞ്ഞു. നേരത്തേ 140 സീറ്റുകളിൽ ജയിക്കുമെന്നാണു പറഞ്ഞത്. എന്നാൽ വോട്ടിങ്ങിനുശേഷം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആശ്ചര്യകരമായ ഫലം ലഭിക്കുമെന്നാണു കരുതുന്നതെന്നും കമൽനാഥ് പറഞ്ഞു. വോട്ടുകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യന്ത്രങ്ങളിൽ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിനാണു വോട്ടെടുപ്പ്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നേരത്തേ പൂർത്തിയായി. എല്ലായിടത്തും ഡിസംബർ 11 നാണ് വോട്ടെണ്ണൽ.

Top