തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നു. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളി രൂപവുമുടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളികളിലും പൊതിഞ്ഞിരിക്കുന്ന സര്‍ണം പതിച്ച ഏഴ് ചെമ്പ് പാളികളില്‍ നിന്നുള്ള സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.
കൊള്ളയടിച്ച സ്വർണം ഒമ്പതാം പ്രതി പങ്കജ് ബാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്ത സ്വർണം പങ്കജ് ഭണ്ഡാരിയുടെയും, കർണ്ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന്റേയും കൈകളിൽ ഉണ്ടെന്നതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പങ്കജ് ഭണ്ഡാരിയുടേയും ഗോവർധന്റേയും റിമാൻഡ് കാലാവധി നീട്ടി. ജനുവരി 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫ്രറൻസ് വഴിയായിരുന്നു നടപടി.








