സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തില്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിലും എന്‍. വാസുവിന്റെ പങ്ക് വ്യക്തമായിരുന്നു.

സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസന്‍ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായും വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമ്മിഷണറായിരുന്ന ഒരാള്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തനായ ആളുകൂടിയായിരുന്നു എന്‍. വാസു. ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും എന്‍. വാസു ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ കഴിയുന്ന ആളുമായിരുന്നു. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയ 2019 ല്‍ തന്നെയാണ് എന്‍.വാസുവിന് ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് ‘പ്രമോഷന്‍’ ലഭിക്കുന്നതും.

സ്വര്‍ണക്കൊള്ളക്കേസില്‍ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇവരുടെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ എന്‍. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്‌ഐടി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.

സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇ-മെയില്‍ അയച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് എം. പദ്മകുമാര്‍ ആണെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. അന്നത്തെ പ്രസിഡന്റ് എന്‍. വാസുവായിരുന്നു. ഇത് വെളിപ്പെട്ടതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കും ഇല്ലെന്നായിരുന്നു എന്‍. വാസു പ്രതികരിച്ചത്. എന്നാല്‍ അത് തെറ്റാണെന്നും താനാണ് അന്നത്തെ പ്രസിഡന്റ് എന്നത് മനസ്സിലാക്കിയതും പിറ്റേന്ന് രേഖകളുമായി വാസു മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി.

2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് വാസു കൈകഴുകി. ആ പ്രയോഗമായിരുന്നു പിന്നീട് കേസില്‍ വാസുവിന് കുരുക്കായത്.

അന്ന് എന്‍. വാസു പറഞ്ഞത്; ‘സ്വര്‍ണക്കൊള്ളയില്‍ ഒരു ബന്ധവുമില്ല. സ്വര്‍ണം മിച്ചമുണ്ടെന്നറിയിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്- എന്നായിരുന്നു വാസു കഴിഞ്ഞ മാസം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം എടുത്ത് ദ്വാരപാലശില്പം ചെയ്യുന്നുവെന്നായിരുന്നു കരാര്‍ എന്നും സ്വര്‍ണം പൂശിയ ശേഷം ബാക്കി വന്ന സ്വര്‍ണം അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതാണ്’- എന്നായിരുന്നു.

ശബരിമലയുടെ പേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ കൊണ്ടെത്തിച്ചത്.

രേഖകളുമായി വാസു എത്തിയപ്പോള്‍, ഇവ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരില്‍ സ്വന്തക്കാരായവരെക്കൊണ്ട് ഫയലില്‍നിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തുകയായിരുന്നു.

എം. പദ്മകുമാര്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ എന്‍. വാസു ദേവസ്വം കമ്മിഷണറായിരുന്നു. അക്കാലത്തും കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് എന്‍. വാസുവായിരുന്നുവെന്നാണ് അഭ്യൂഹം. ദേവസ്വം കമ്മിഷണര്‍ സ്ഥാനത്ത് നിന്നിറങ്ങി മാസങ്ങള്‍ തികയും മുമ്പേ അദ്ദേഹത്തെ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിരുത്തുകയും ചെയ്തു

 

 

Top