ദുബായ്: മനഃസാക്ഷി മരവിക്കുന്ന ക്രൂരമായ കൊലപാതക വാര്‍ത്തയാണ് ദുബായില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. തമ്മില്‍ തെറ്റിയ കാമുകനെ യുവതി വെട്ടിനുറുക്കി പാചകം ചെയ്ത് വിളമ്പിയ വാര്‍ത്തായാണ് പ്രവാസലോകത്ത് ഞെട്ടലായത്. യുഎഇയിലെ അല്‍ അയ്‌നില്‍ വച്ച് മൊറോക്കോക്കാരിയായ യുവതിയാണ് കൊടും ക്രൂരത പ്രവര്‍ത്തിച്ചത്.
വേറെ കല്യാണം കഴിക്കാന്‍ വേണ്ടി നാട്ടില്‍ പോകുമെന്ന് പറഞ്ഞ കാമുകനെ ഈ കാമുകി വെട്ടിനുറുക്കി മിക്‌സിയിലിട്ടടിച്ച് ഗള്‍ഫ് വിഭവമായ മാച്ച്ബൂസാക്കി പാക്കിസ്ഥാനികള്‍ക്ക് വിളമ്പുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ ഏഴ് വര്‍ഷമായി പ്രണയിക്കുന്ന കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഈ യുവതി അതിക്രൂരമായ കൊലയ്ക്ക് തുനിഞ്ഞതെന്ന് ഈ കേസിന്റെ വിചാരണക്കിടെ പ്രോസിക്യൂട്ടര്‍മാര്‍ ബോധിപ്പിച്ചിരിക്കുന്നു. യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
മുന്‍കാമുകനെ കൊന്ന ശേഷം അയാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചെറുതാക്കുന്നതിനായി യുവതി ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് തന്റെ വീടിനടുത്ത് ജോലി ചെയ്യുന്ന പാക്കിസ്ഥാനി തൊഴിലാളികള്‍ക്ക് കാമുകന്റെ മാംസം മച്ച്ബൂസ് രൂപത്തില്‍ വിളമ്പുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബിരിയാണിക്ക് സമാനമായി റൈസും മാംസവും കലര്‍ത്തിയുണ്ടാക്കുന്ന ഒരു പരമ്പരാഗത ഗള്‍ഫ് വിഭവമാണിത്. തന്റെ സഹോദരനെ കാണാതായെന്ന് ഇയാളുടെ സഹോദരന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു പൊലീസ് ഈ കേസ് അന്വേഷണം തുടങ്ങിയത്.
തന്റെ സഹോദരനും കാമുകിയും വസിക്കുന്ന വീട്ടില്‍ കാണാതായ സഹോദരനെ കണ്ടെത്താമെന്ന് പ്രതീക്ഷിച്ചാണ് പരാതി നല്‍കിയ സഹോദരന്‍ എത്തുകയായിരുന്നു. താന്‍ കാമുകനെ പുറത്താക്കിയെന്നും അയാള്‍ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു കാമുകി വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു മനുഷ്യന്റെ പല്ലുകള്‍ ഈ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അധികം വൈകാതെ കാമുകി അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ താനാണ് കാമുകനെ കൊന്നതെന്ന് കാമുകി സമ്മതിക്കുകയായിരുന്നു.
താന്‍ കാമുകനെ വളരെ വര്‍ഷങ്ങളായി സാമ്പത്തികമായി സഹായിച്ച് വരുകയായിരുന്നുവെന്നും എന്നിട്ടും അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ കൊലപാതകത്തിന് നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും കാമുകി വെളിപ്പെടുത്തിയിരുന്നു.
കാമുകന്റെ മൃതദേഹം ഉപേക്ഷിക്കാന്‍ താന്‍ ഒരു സുഹൃത്തിന്റെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ അയാള്‍ അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് സ്വയം ഇതിന് മുതിരുകയായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ കേസിന്റെ കോടതിയിലെ വിചാരണ തിയതി തീരുമാനിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.


