ഇഷ്ടപ്പെട്ട ടെന്നീസ് താരം ആരാണെന്ന് വെളിപ്പെടുത്തി എംഎസ് ധോണി

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് മറ്റു കായിക ഇനങ്ങളോടുള്ള പ്രിയം കായികലോകത്ത് എന്നും ചര്‍ച്ചയാണ്. സച്ചിനും ധോണിയും വിരാട് കൊഹ്‌ലിയുമെല്ലാം ക്രിക്കറ്റിനു പുറമേ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളേതെന്നും പ്രിയതാരങ്ങള്‍ ആരൊക്കെയെന്നും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും തനിക്ക് പ്രചോദനമായ താരമാരെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ എംഎസ് ധോണി. കളിമണ്‍ കോര്‍ട്ടിലെ രാജാവെന്നറിയപ്പെടുന്ന റാഫേല്‍ നദാലാണ് ധോണിയെ ഏറ്റവും അധികം സ്വാധിനിച്ച താരം. താന്‍ നദാലിന്റെ വലിയ ആരാധകരിലൊരാളാണെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അവസാന നിമിഷം വരെ പൊരുതുന്ന നദാലിന്റെ മനോഭാവം തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും മഹി പറയുന്നു. ‘വിട്ടുകൊടുക്കുക എന്നത് വളരെ എളുപ്പമാണ്. ഒരാള്‍ പോരാടി തോല്‍ക്കുകയാണെങ്കില്‍ അയാള്‍ക്ക് പലതും പഠിക്കാന്‍ കഴിയും. പക്ഷേ ഉപേക്ഷിക്കുകയാണെങ്കില്‍ തോല്‍വി മാത്രമായിരിക്കും ഉണ്ടാവുകയെന്നും താരം പറയുന്നു. അതേസമയം ടെന്നീസ് കോര്‍ട്ടിലെ തന്റെ ഇഷ്ട താരം റോജര്‍ ഫെഡറര്‍ ആണെന്ന് നേരത്തെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ മറ്റു ഗെയിമുകളിലും ടൂര്‍ണ്ണമെന്റുകളിലും പങ്കാളികളാകുന്നത് ഇന്നു പതിവു കാഴ്ചയാണ്.

Top