ക്രൈം ഡെസ്‌ക്
മാനന്തവാടി: കുറ്റവാളികൾക്കും കൊലപാതകികൾക്കും കുറ്റം ചെയ്യാനും തെളിവ് നശിപ്പിക്കാനും എന്നും സിനിമകൾ ഒരു പ്രചോദനം ആണ്. സിനിമയിലെ തന്ത്രങ്ങൾ ജീവിതത്തിലേയ്ക്കു പകർത്തിയാണ് ഇവരിൽ പലരും കുറ്റകൃത്യങ്ങൾ ചെയ്യുന്നതും. ഈ സാഹചര്യത്തിലാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം വീണ്ടും ചർച്ചാ വിഷയമാകുന്നത്. മാനന്തവാടിയിൽ യുവാവിനെ കൊലപ്പെടുത്തി വീടിനടിയിൽ കുഴിച്ചിട്ട നിലയിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം ഒരു കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫീസിന് എതിർവശത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ടയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുർഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവർ ചെയ്തതെന്നു കരുതുന്നു.
ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയിൽ കണ്ടിരുന്നെങ്കിലും തൊഴിലാളികൾ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പിൽ നിന്ന് മണ്ണ് താഴ്ന്ന നിലയിൽ കണ്ടതിനെ തുടർന്ന് കരാറുകാരനെ അറിയിക്കുകയും തുടർന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു.
ചാക്കിൽ കെട്ടി മണ്ണിനടിയിൽ താഴ്ത്തിയ മൃതദേഹത്തിന് മുകളിൽ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളിൽ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു. സംഭവം കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം കുഴിച്ചു മൂടിയതിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് വിലയിരുത്തൽ. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹത്തിനു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്തെത്തിയത്.
സിനിമയിൽ മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തിൽ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിർമാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷൻ പണി പൂർത്തിയായതോടെ തെളിവു ലഭിക്കാതെ ജോർജ് കുട്ടിയെ വെറുതെ വിടുന്നതുമാണ് സിനിമയിലെ കഥ.


