പന്തളത്ത് ദൃശ്യം മോഡൽ കൊലപാതകം: മകൻ മാതാപിതാക്കളെ കൊന്നു കുഴിച്ചിട്ടു; മാതാപിതാക്കളെ അന്വേഷിച്ചവരോടു ധ്യാനം കൂടാൻ പോയെന്നു മറുപടി നൽകി

ക്രൈം ഡെസ്‌ക്

പന്തളം: പന്തളത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ കൊലപാതകം ആസൂത്രണം ചെയ്തത് ദൃശ്യം മോഡലലിൽ. മോഹൻലാലിന്റെയും, ജിത്തു ജോസഫിന്റെയും ചിത്രമായ ദൃശ്യത്തിന്റെ മാതൃകയിലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കൊലപാതകത്തിന്റെ രീതികളെല്ലാം സിനിമയിലേതിനു സമാനമായി ആസൂത്രണം ചെയ്ത പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തി കുഴിച്ചിടാൻ പ്രത്യേകം പദ്ധതിയും തയ്യാറാക്കിയിരുന്നു. പന്ത്രണ്ടു ദിവസം മുൻപാണ് ഇയാൾ മാതാപിതാക്കളെ കൊന്നു കുഴിച്ചിട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ആദ്യം അച്ഛനേയും പിന്നീട് അമ്മയേയുമാണ് കൊലപ്പെടുത്തിയത്. തുടർന്ന് പറമ്പിലെ കിണറ്റിൽ മൃതദേഹങ്ങൾ എടുത്തിടുകയായിരുന്നു. പന്തളം പൊങ്ങലടി കാഞ്ഞിരവിളയിൽ കെഎം ജോൺ (70), ഭാര്യ ലീലാമ്മ ജോൺ (63) എന്നിവരെയാണ് മകൻ മാത്യൂസ് ജോൺ (33) കൊലപ്പെടുത്തിയത്.
ജൂൺ 23നാണ് മാതാപിതാക്കളെ കൊന്നതെന്ന് മാത്യൂസ് വെളിപ്പെടുത്തി. ഇയാളുടെ ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോന്നിരുന്നു. ജോണിനേയും ഭാര്യയേയും കാണാതെ വന്നതോടെ അയൽവാസികളും ബന്ധുക്കളും മാത്യൂസിനോട് ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണ് എന്നാണ് ഇയാൾ നൽകിയ മറുപടി. കിണറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇയാൾ ജെസിബി കൊണ്ടു വന്ന് കിണർ മണ്ണിട്ട് മൂടി.
ദുർഗന്ധം വമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ തെരുവ് നായ്ക്കളെ കൊന്നു കിണറ്റിലിട്ടതാണെന്ന് ഇയാൾ പറഞ്ഞു. എന്നാൽ സമീപത്ത് താമസിക്കുന്ന ജോണിന്റെ സഹോദരനും സമീപവാസികൾക്കും സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ ഇന്ന് രാവിലെ മാത്യൂസ് കീഴടങ്ങുകയായിരുന്നു. നേഴ്സിംഗ് ബിരുദധാരിയായ മാത്യൂസ് ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top