പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 38 വയസായിരുന്നു. ദേവദത്ത, ദയ എന്നിവരാണ് മക്കൾ. അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശാന്തി വീട്ടിനകത്ത് വീണത്. പരിക്കേറ്റ ശാന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശാന്തിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യയായ ശാന്തി മോഹൻദാസ് അറിയപ്പെടുന്ന നർത്തകി കൂടിയാണ്. ശാന്തി മോഹൻദാസ് നൃത്താധ്യാപികയുമായിരുന്നു. നിരവധി കുട്ടികളാണ് ശാന്തി മോഹൻദാസിന് കീഴിൽ നൃത്തം അഭ്യസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ സകലദേവ നുതേ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്തരൂപം ശാന്തി മോഹൻദാസ് പുറത്തിറക്കിയിരുന്നു. ബിജിപാൽ തന്നെയാണ് ഈ നൃത്തരൂപത്തിന് സംഗീതം നൽകിയത്.



