നാരായണഗുരുവിനെ ‘ഈഴവ നേതാവാക്കി’ ഐ.സി.എസ്.ഇ പാഠപുസ്തകത്തില്‍ പരാമര്‍ശം

കോട്ടയം: നാരായണഗുരുവിനെ രാഷ്ടീയമായും മതപരമായും എറ്റെടുക്കാന്‍ പല ശ്രമങ്ങളും കൊണ്ട് പിടിച്ചു നടക്കുന്നതിനിടയിലാണ് ഐ.സി.എസ്.ഇ പാഠപുസ്തകത്തില്‍ ഇത്തരമൊരു പരാമര്‍ശം ഗുരുവിനെക്കുറിച്ച് ഉണ്ടായിരിക്കുന്നത്. ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യനെന്ന മാനവ സന്ദേശം ലോകത്തിന് പകര്‍ന്ന അനശ്വരാത്മാവായ ശ്രീനാരായണ ഗുരുവിനെ ഐ.സി.എസ്.ഇ പാഠപുസ്തകം ജാതിക്കോളത്തിലാക്കി ഒതുക്കി.

കേരളത്തിലെ ഈഴവരുടെ നേതാവായ ശ്രീനാരായണഗുരു 1903 ല്‍ എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ചു എന്നാണ് എട്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ പരിചയപ്പെടുത്തുന്ന ‘ഇന്ത്യയുടെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍’ എന്ന ആറാം അദ്ധ്യായത്തിലെ ഭാഗത്തിലുള്ളത്. താഴ്ന്ന ജാതിക്കാര്‍ക്ക് വേണ്ടി ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചതും വിവാഹം, മതാചാരം, ശവ സംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ആചാര പരിഷ്‌കരണം നടത്തിയതും ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനെന്ന സന്ദേശം നല്‍കിയതും ശ്രീനാരായണ ഗുരുവിനെക്കുറിച്ച് എടുത്തു പറയാവുന്ന മറ്റ് മഹത്വങ്ങളായി പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജാറാം മോഹന്റോയ്, സ്വാമി ദയാനന്ദ സരസ്വതി, ആനി ബസന്റ്, ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, സെയ്യദ് അഹമ്മദ് ഖാന്‍, കേശബ് ചന്ദ്രസെന്‍, ജ്യോതി ബഫുലേ, ബാബാ ദയാല്‍ദാസ്, ബാബരാംസിംഗ്, ദാദാഭായ് നവറോജി എന്നിവര്‍ക്കൊപ്പമാണ് ശ്രീനാരായണ ഗുരുവിനേയും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏതെങ്കിലുമൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനോ, അവര്‍ തുടങ്ങി വച്ച പ്രസ്ഥാനങ്ങള്‍ക്കോ ഉള്ളതായി അവകാശപ്പെടുന്ന മഹത്വം ശ്രീനാരായണ ഗുരുവില്‍ കാണാന്‍ ഐ.സി.എസ്.ഇ ബോര്‍ഡിന് കഴിഞ്ഞില്ല.

ജാതിയുടെ നിരര്‍ത്ഥകതയെക്കുറിച്ച് ഏറ്റവുമധികം ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിനെക്കുറിച്ചാണ് ചരിത്രം വികലമാക്കി പുതുതലമുറയ്ക്ക് പകരുന്നത്. സേവ്യര്‍ പിന്റോ, സീമ ശര്‍മ്മ എന്നിവരാണ് പാഠപുസ്തകം തയ്യാറാക്കിയത്. വര്‍ത്തമാനകാലത്ത് ലോകം നേരിടുന്ന എല്ലാ വിഭാഗീതയകള്‍ക്കും അസ്വസ്ഥതകള്‍ക്കുമുള്ള പരിഹാരമാണ് ഗുരുദേവ ദര്‍ശനമെന്ന് ആവര്‍ത്തിച്ച് പറയുന്ന ഭരണാധികാരികളും വിദ്യാഭ്യാസ വിദഗ്ദ്ധരും പാഠപുസ്തകത്തിലെ ഈ കല്ലുകടി കണ്ടില്ല എന്നത് സമീപകാല സാഹചര്യത്തില്‍ ഗൗരവമേറിയതാണ്.

Top