രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നു !!ആശങ്കകള്‍ക്കിടെ സാമ്പത്തിക ഉത്തേജക നടപടികളുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനുള്ള നീക്കങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പടുത്തിയ അധിക സര്‍ചാര്‍ജില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. 2 മുതല്‍ 5 കോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ സര്‍ചാര്‍ജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്.

നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടര്‍ന്ന് എഫ്പിഐ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു. ഈ പ്രവണത തുടരുന്നതിനിടെയാണിപ്പോള്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ആഭ്യന്തര നിക്ഷേപകര്‍ക്കുള്ള സര്‍ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. ജൂലൈയിലെ ബജറ്റിനു മുന്നോടിയായുള്ള സാഹചര്യം തന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഫ്പിഐ നിക്ഷേപകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നിര്‍മല ഇക്കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നതും ധനമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തി. ഡോളറുമായുള്ള വിനിമയത്തില്‍ ഓഗസ്റ്റ് 23നു രൂപ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയിരുന്നു. പത്തു പൈസയുടെ ഇടിവോടെ 71.91 നിലവാരത്തിലേക്കാണ് എത്തിയത്. അതിനിടെയാണ് ധനമന്ത്രി പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചത്.

രാജ്യാന്തര തലത്തില്‍ സമ്പദ്വ്യവസ്ഥയ്ക്കു തിരിച്ചടിയേറ്റിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. ചൈനയുഎസ് വ്യാപാരയുദ്ധം ഉള്‍പ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ രാജ്യാന്തര സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടതാണ്.

യുഎസ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യാന്തര ശക്തികള്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്‌നമില്ല. വളര്‍ച്ചാനിരക്കില്‍ ഇവര്‍ക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയിലാണ്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രധാന തീരുമാനങ്ങള്‍:

1. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജില്ല. എഫ്പിഐ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും

2. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതല്‍ 30 ദിവസത്തിനകം കൊടുത്തുതീര്‍ക്കും. ഇനി മുതല്‍ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീര്‍ക്കും.

3. ജിഎസ്ടി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച കേന്ദ്രത്തിന്റെ അടിയന്തര യോഗം

4. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും

5. 16 വകുപ്പുകളില്‍ പ്രോസിക്യൂഷനു പകരം പിഴ

6. ജിഎസ്ടി റിട്ടേണ്‍ കൂടുതല്‍ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല.

7. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് ഒഴിവാക്കി; സംരംഭകര്‍ക്ക് ഇളവുകള്‍ നല്‍കും

8. പലിശയിലെ വ്യത്യാസം എല്ലാ വായ്പകള്‍ക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിനു സമ്മതിച്ചു.

9. ഭവനവായ്പയ്ക്കും മറ്റു വായ്പകള്‍ക്കും പലിശ കുറയും. വായ്പാ അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനില്‍ പരിശോധിക്കാം.

10. വ്യവസായങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനവും മെച്ചപ്പെടും.

11. വായ്പ തിരിച്ചടച്ചാല്‍ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നല്‍കണം

12. ഐടി നോട്ടിസുകളും സമന്‍സുകളും അയയ്ക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒക്ടോബര്‍ ഒന്നിനു നിലവില്‍ വരും

13. എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നു മാസത്തിനകം തീര്‍പ്പാക്കണം

Top