അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല; പ്രണയ തകര്‍ച്ച തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

വിവാദങ്ങള്‍ നിത്യ മേനോന് പുതിയതല്ല. എന്തും വെട്ടിത്തുറന്ന് മുഖത്ത് നോക്കി പറയുന്ന നിത്യയുടെ ശീലം തന്നെയാണ് താരത്തെ വിവാദങ്ങളുടെ കൂട്ടുകാരിയാക്കിയത്. ഗോസിപ്പ് കോളങ്ങളിലും നിത്യ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കന്നട നടന്‍ കിച്ച സുദീപുമായി ബന്ധപ്പെട്ടായിരുന്നു ഒടുവില്‍ പുറത്ത് വന്ന ഗോസിപ്പ്. കിച്ച സുദീപിന്റെ നായികയായ നിത്യ മേനോന്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയായിരുന്നു വിവാഹതിനായ സുദിപിനേയും നിത്യയേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത്. സുദീപ് നിത്യക്കായി വിവാഹ മോചനം നേടുന്നു എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിത്യക്കൊപ്പം അഭിനയിച്ച പല നായകന്മാര്‍ക്കൊപ്പവും നിത്യയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. അതിന് ഭാഷാ വ്യത്യാസങ്ങളില്ലായിരുന്നു. മലയാളത്തില്‍ നിന്ന് ആസിഫ് അലിയും അവരില്‍ ഒരാളായിരുന്നു. തന്നെ ശരിക്കും മനസിലാക്കുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കു എന്നാണ് നിത്യ ഇപ്പോള്‍ പറയുന്നത്.

മനസിലാക്കുന്ന ഒരു പുരുഷനാണെങ്കിലേ ജിവിതം സന്തോഷമാകു. പൊരുത്തമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കാത്തിരിക്കുന്നതാണന്നും നിത്യ മേനോന്‍ പറയുന്നു. പതിനെട്ടാം വയസില്‍ താന്‍ ഒരാളെ പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും നിത്യ മേനോന്‍ പറയുന്നു. വിവാഹിതരായ പുരുഷന്മാരുമായി ചേര്‍ത്ത് ഗോസിപ്പ് ഇറക്കുന്നതാണ് നിത്യയെ ഏറെ സങ്കടപ്പെടുത്തുന്നത്. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും നിത്യ പറയുന്നു.

Top