ന്യൂഡല്‍ഹി: നോയിഡയില്‍ അമ്മയേയും സഹോദിയെയും കൊലപ്പെടുത്തിയ പതിനാരുകാരന്റെ കുറ്റസമ്മതമൊഴി ഞെട്ടിക്കുന്നതെന്ന് പൊലീസ്. ഭവനാന്തരീക്ഷത്തിന്റെ പ്രശ്‌നമാണ് കുട്ടിയെ കുറ്റവാളിയാക്കിയതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പഠിക്കാന്‍ പറഞ്ഞതിനും പഠിക്കാതിരുന്നതിന് തല്ലിയതിനുമാണ് അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തിയതെന്ന് പതിനാറുകാരന്‍ മൊഴി നല്‍കി
പഠിക്കാത്തതിന് ശകാരിച്ചതാണ് പ്രകോപിതനാക്കിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കേസില്‍ പൊലീസ് സംശയിച്ചിരുന്ന മകനെ വാരാണാസിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഫോണും രണ്ടുലക്ഷം രൂപയുമായി മകന്‍ സ്ഥലംവിടുകയായിരുന്നു. എന്നാല്‍ അക്രമങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഗെയിമിന്റെ അടിമയായിപ്പോയതാണ് പതിനാറുകാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പിതാവ് പറയുന്നു.
സോഫയിലിരിക്കാതെ പോയി പഠിക്കാന്‍ അമ്മ ആവശ്യപ്പെട്ടതാണ് മകന് പ്രകോപനം ആയത്. ഇതിന് പിന്നാലെ പഠിക്കാത്തതിന് അമ്മ അടിച്ചുവെന്നും അതോടെ ദേഷ്യം ഇരട്ടിച്ചെന്നും കുട്ടി പാലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ അമ്മയും സഹോദരിയും ഉറങ്ങുമ്പോള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും പിസ്സ കട്ടറും കത്രികയും കൊണ്ട് മുഖം വികൃതമാക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നല്‍കിയതായി ഗൗതം ബുധ് നഗര്‍ എസ്.എസ്പി അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് നോയിഡയിലെ ഫ്ളാറ്റില്‍ 47കാരിയായ അമ്മയുടേയും 11കാരിയായ മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ട മൃതദേഹങ്ങളുടെ മുഖം ആയുധംകൊണ്ട് വികൃതമാക്കിയിരുന്നു. മകനെ കാണാനില്ലെന്ന് മനസ്സിലായതോടെ അന്നുമുതല്‍ ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഡിസംബര്‍ നാലിനാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നില്‍ മകനാണെന്ന് വിവരം ലഭിച്ചതോടെ മൂന്ന് പൊലീസ് സംഘങ്ങള്‍ 16കാരനെ അന്വേഷിച്ച് വരികയായിരുന്നു. രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. വീട്ടല്‍ നിന്ന് രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈല്‍ ഫോണും എടുത്താണ് മകന്‍ വീടുവിട്ട് പോയത്. എന്നാല്‍ ഫോണ്‍ അന്നുമുതല്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.
അതേസമയം, അക്രമങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘ഹൈസ്‌കൂള്‍ ഗാങ്സ്റ്റര്‍ എസ്‌കേപ്പ്’ എന്ന ഗെയിമിന്റെ സ്വാധീനത്തില്‍ അകപ്പെട്ടാണ് മകന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് കരുതുന്നതായി കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇക്കാര്യവും അന്വേഷിച്ചുവരികയാണ് പൊലീസ്.


