കൊറോണ: ഇറ്റലിയില്‍ മരണപ്പെട്ട വൈദികരുടെ എണ്ണം 109 ആയി

റോം: കൊറോണ രോഗബാധയെ തുടര്‍ന്നു ഇറ്റലിയില്‍ ഇതുവരെ 109 വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. രോഗ വ്യാപനം ഏറ്റവും കൂടുതലായി ബാധിച്ച ബെര്‍ഗാമോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രോഗികള്‍ക്ക് വേണ്ടി ആത്മീയ ശുശ്രൂഷ ചെയ്തവരാണ് മരിച്ചവരിലേറെയുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ ബെര്‍ഗാമോ രൂപതയില്‍ മാത്രം 24 പുരോഹിതരാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരില്‍ പകുതിയോളം പേര്‍ വിരമിച്ചവരാണ്. ശേഷിക്കുന്നവര്‍ രോഗികളുടെ ആത്മീയ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരിന്നവരായിരിന്നു. തങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതലായി ആവശ്യമുള്ള സാഹചര്യത്തില്‍ അജഗണങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതിന്റെ നിരാശ ചില വൈദികര്‍ വെളിപ്പെടുത്തിയാതായും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ജീവന്‍ വകവെക്കാതെ രോഗികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയില്‍ വൈറസ് ബാധയേറ്റാണ് ഭൂരിഭാഗം പുരോഹിതരും മരണപ്പെട്ടിരിക്കുന്നതെന്നു ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീറിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണത്തിന്റേയും, ഒറ്റപ്പെടലിന്റേയും ഈ അവസരത്തില്‍ പുരോഹിതരുടെ മഹനീയ സാന്നിധ്യം ആവശ്യമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി വരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രോഗബാധക്ക് സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിരവധി വൈദികരാണ് സേവനനിരതരായിരിക്കുന്നുണ്ടെന്ന് ബെര്‍ഗാമോ മെത്രാനായ ഫ്രാന്‍സെസ്കൊ ബെസ്ച്ചി പറഞ്ഞു.

Top