അഫ്‍ഗാനില്‍ തിരിച്ചടിച്ച് അമേരിക്ക; ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു.

വാഷിംഗ്ടണ്‍: കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ വധിച്ചതായി അമേരിക്ക. സംഭവത്തിന് പിന്നാലെ തിരിച്ചടി നല്‍കിയിരിക്കുകയാണ് യുഎസ്. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആളില്ലാ വ്യോമാക്രമണം നടന്നത്. ചാവേറാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിലെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറയുന്നത്.

കിഴക്കൻ അഫ്ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖൊറാസൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്മാരിൽ ഒരാളെ വധിച്ചത്. ഭീകരരുടെ ശക്തി കേന്ദ്രമായ നൻഗർ പ്രവിശ്യയിലാണ് അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്. കാറിൽ അനുയായിക്കൊപ്പം സഞ്ചരിക്കുമ്പോൾ ബോംബിട്ട് കൊല്ലുകയായിരുന്നു. കാബൂൾ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് സൂത്രധാരനെ തന്നെ വധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 10 വഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കാബൂൾ ആക്രമണം. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക ആവർത്തിച്ചു. അതേസമയം കാബൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 173 ആയി. രണ്ട് ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്.

വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ്‍ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത് ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. നാറ്റോ അംഗരാജ്യങ്ങളിൽ പലരും കാബൂളിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിച്ചു. എന്നാൽ അനുവദിക്കപ്പെട്ട അവസാന നിമിഷം വരെ രക്ഷാദൗത്യം തുടരുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. 5000ത്തോളം ആളുകളെ അമേരിക്കയ്ക്ക് ഇനിയും ഒഴിപ്പിക്കാനുണ്ട്.

ഐസിസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ അമേരിക്കയുടെ ആക്രമണം നടത്തിയിരിക്കുന്നത്. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിക്കുകയും ചെയ്തു. ചാവേറാക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം പദ്ധതിയിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടന്നത് എന്നാണ് സൂചന. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്താണ് ഭീകരാക്രമണം നടന്നത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യം വിടുന്നതിനായി വിമാനത്താവളത്തില്‍ എത്തിയവരും അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി പിടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അതേസമയം, കാബുള്‍ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം സംഭവിക്കില്ലെന്ന് ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ഞാന്‍ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നടന്ന കാട്ടാളവും ക്രൂരവുമായ ഭീകരാക്രമണത്തില്‍ നമ്മുടെ ധീരരും മിടുക്കരുമായ അമേരിക്കന്‍ സേവന അംഗങ്ങളെ നഷ്ടപ്പെട്ടതിന് അമേരിക്ക വിലപിക്കുന്നു. അമേരിക്കന്‍ യോദ്ധാക്കള്‍ കടമ നിര്‍വഹിക്കുന്നതില്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചു- ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്. 200ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top