തെറ്റാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താത്തതെന്ത്? കത്തോലിക്കാ വിശ്വാസി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഫാദര്‍ ഡൊമിനിക് വളനമാലിന്റെ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് അയര്‍ലണ്ടും കാനഡയും ഈ വൈദികന് പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്ന അവസരത്തില്‍ ഒരു കത്തോലിക്കാ വിശ്വാസി ഫാദര്‍ ഡൊമിനികിന് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രധാനമായും ആറ് ചോദ്യങ്ങളാണ് ഈ കത്തിലുള്ളത്. കത്തിന്റെപൂര്‍ണ്ണ രൂപം ചുവടെ

ഫാദര്‍ ഡൊമിനിക് വളന്മനാലിന് ഒരു തുറന്ന കത്ത് 

മാതാപിതാക്കളുടെ ജീവിത രീതികള്‍ ഓട്ടിസം ഉള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത യിലേക്ക് നയിക്കുന്നു എന്ന് ഒരു ധ്യാന പ്രസംഗത്തില്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അച്ചന്‍ ഇതിനകം അറിഞ്ഞു കാണുമല്ലോ..? അത്തരം കുട്ടികളെ മൃഗങ്ങളോട് ഉപമിക്കുകയും ചെയ്തു. ഈ വാചകങ്ങളുടെ പേരില്‍ അയര്‍ലണ്ടിലും കാനഡയിലും ഉള്ള ബിഷപ്പ് മാര്‍ അച്ചന് അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇത്രയും നാളായിട്ടും അങ്ങില്‍ നിന്നും ഈ വിഷയത്തില്‍ ഒരു വിശദീകരണം ഉണ്ടാവാത്തതിനാല്‍ മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഒരു സാധാരണ വിശ്വാസി എന്ന നിലയില്‍ താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു.

1. ഈ വീഡിയോയില്‍ ഉള്ളത് അങ്ങ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ, അതോ അങ്ങയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതുപോലെ അത് ഫേക്ക് വീഡിയോ ആണോ..?

2. അങ്ങു പറഞ്ഞതാണെങ്കില്‍ അങ്ങയുടെ സഹപ്രവര്‍ത്തകര്‍ കള്ളം പറഞ്ഞു എന്നു മറ്റുള്ളവര്‍ ധരിക്കില്ലേ?

3. ആ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ..?

4. ആ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ മാനുഷികമായി പറ്റിയ തെറ്റാണ് എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടാണ് ഒരു ക്ഷമാപണം നടത്താത്തത്..?

5. അങ്ങയുടെ ഈ വീഡിയോ ഉള്‍പ്പെടെ പലതും ഇപ്പോള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. അത് എന്തുകൊണ്ടാണ്? മറ്റുള്ളവര്‍ അറിയാന്‍ പാടില്ലാത്ത രഹസ്യസ്വഭാവം ധ്യാന പ്രസംഗങ്ങള്‍ക്ക് ഉണ്ടോ?

6 .കാനഡയിലും അയര്‍ലണ്ടിലും ഉള്ള ബിഷപ്പുമാര്‍ക്ക് വരെ ബോധ്യപ്പെട്ട ഇക്കാര്യം ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ അങ്ങയുടെ ആളുകള്‍ കേസ് കൊടുത്തിരിക്കുന്നത് ലജ്ജാകരവും ക്രിസ്തുവിന്റെ സ്‌നേഹത്തിന് വിരുദ്ധവും അല്ലേ?

അങ്ങയുടെ ഈ വിഷയത്തിലുള്ള മൗനം വളരെ ക്രൂരതയായി തോന്നുന്നു.. സാദാ വിശ്വാസികളെ ഈ മൗനം ചഞ്ചലചിത്തരാക്കുന്നുണ്ട് എന്ന കാര്യം അങ്ങേയ്ക്ക് അറിയാമോ..? ആളുകളെ ശരിയായ ദിശയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അങ്ങില്‍ നിന്നും ഈ വിഷയത്തില്‍ ഒരു മറുപടി വളരെ ആവശ്യമാണ് എന്ന് വിശ്വസിച്ചു കൊണ്ട് ,

ഒരു വിശ്വാസി.

Top