ന്യൂഡല്‍ഹി:പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണ് ഓപറേഷൻ സിന്ദൂർ എന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.
പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്.
അതേസമയം പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഇന്ത്യയില്‍ വീണ കണ്ണീരിനും ചോരയ്ക്കും സൈന്യം തിരിച്ചടി നല്‍കി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ മികവ് ഈ ആക്രമണത്തില്‍ വ്യക്തം. മസൂദ് അസറിനേയും ഹാഫീസ് സെയ്ദിനേയും ഇന്ത്യ തീര്‍ത്തോ എന്ന സംശയം സജീവമാണ്. പക്ഷേ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നു.
ഇന്ത്യ ഈ ഭീകരരെ ലക്ഷ്യമിട്ടിതിലൂടെ പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. വേണമെങ്കില്‍ കറാച്ചിയിലുള്ള ദാവൂദ് ഇബ്രഹാമിനേയും ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന സന്ദേശമാണ് ഈ ആക്രമണം നല്‍കുന്നത്. മസൂദ് അസറിനേയും ഹാഫീസ് സെയ്ദിനേയും ദാവൂദിനേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമിച്ച മേഖലകളിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പാക്കിസ്ഥാനില്‍ എവിടെ എല്ലാം ഭീകര ഒളിത്താവളമുണ്ടെന്ന കൃത്യമായ വിവരം ഇന്ത്യയ്ക്കുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നത്. ഇത് പാക്കിസ്ഥാനേയും ഞെട്ടിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക ഓപ്പറേഷനിലൂടെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം.
അതിര്‍ത്തിയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാന കേന്ദ്രം തകര്‍ക്കുന്നതിനായിരുന്നു ഇന്ത്യന്‍ സൈന്യം ആദ്യം പ്രാധാന്യം കൊടുത്തത്. 2019ലെ പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് മുതല്‍ ഇന്ത്യ തകര്‍ക്കാന്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കാശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. 2019 ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ബഹാവല്‍പൂരിലെ സുബ്ഹാന്‍ അല്ലാഹ് ക്യാമ്പും ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഇവിടെ വച്ചാണ് ജയ്ഷെ മുഹമ്മദ് തങ്ങളുടെ ഭീകരര്‍ക്ക് വേണ്ട എല്ലാ പരിശീലനവും നല്‍കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലായിരുന്നു ഈ സ്ഥലം. ഇവിടെത്തെ തീവ്രവാദ ക്യാമ്പ് ഇന്ത്യ തകര്‍ത്തു. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. മസൂദ് അസറിന്റെ താവളമാണ് ഇവിടെ. ഇവിടെ ഇയാള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഉണ്ടായിരുന്നുവെങ്കില്‍ കൊല്ലപ്പെടാന്‍ സാധ്യത ഏറെയാണ്.
ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്ത പ്രധാനപ്പെട്ട മറ്റൊരു ഭീകരകേന്ദ്രമാണ്, മുരിഡ്ക്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഈ ഭീകരകേന്ദ്രം ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രധാന ഒളിത്താവളങ്ങളില്‍ ഒന്നാണ്. മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഈ കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഹാഫീസ് സെയ്ദിനേയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മുരിഡ്‌കെയില്‍ ഈ ഭീകരന്‍ ഉണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. തങ്ധാര്‍ സെക്ടറില്‍, സവായ് ക്യാമ്പിലേക്കും മിസൈലുകള്‍ പതിച്ചു. സൈന്യം സൂക്ഷ്മമായി ഏകോപിപ്പിച്ച പദ്ധതിയില്‍ മൂന്ന് ലഷ്‌കര്‍ കേന്ദ്രങ്ങള്‍, നാല് ജെയ്ഷെ കേന്ദ്രങ്ങള്‍, രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ത്തത്.ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍. ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.
അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നും മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.







