കോട്ടയം:രാഷ്ട്രീയച്ചൂടിൽ പാലാ തിളയ്ക്കും. ജോസ് കെ. മാണിയും മാണി സി. കാപ്പനും നേർക്കുനേർ മത്സരിക്കും . ജോസിനൊപ്പം ഇടതുപക്ഷവും മാണി സി. കാപ്പനൊപ്പം യുഡിഎഫും സജീവമാവുകയാണ് .മാണിസാറിന്റെ ഓർമ്മകൾ കത്തിച്ച് നിർത്താൻ ജോസും കൂട്ടരും ഒരുക്കം തുടങ്ങി . കൊട്ടാരമറ്റം കവലയിൽ കെ എം മാണിയുടെ പ്രതിമ അനാച്ഛാദനംചെയ്യും.26-ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പ്രതിമ അനാച്ഛാദനംചെയ്യുന്നത്.ഇതോടെ പാലായിലെ തിരഞ്ഞെടുപ്പ് പോരാട്ടം തുടക്കം കുറിക്കും . 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. എൽഡിഎഫ് വിട്ട മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോഴാണ് യുഡിഎഫിലെത്തിയത്.
ഇന്നലെ പാലായിൽ ചേർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിലും കാപ്പൻ പങ്കെടുത്തു. പാലായിൽ പൂർത്തിയാക്കാനുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹം. ഇടതു മുന്നണിയിൽ സജീവമായ പ്രവർത്തനങ്ങളുമായി ജോസ് കെ.മാണി മണ്ഡലത്തിൽ സജീവമാണ്. ബിജെപിയും നിയോജക മണ്ഡലം ശില്പശാല പൂർത്തീകരിച്ച് ബൂത്തുതല പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്പേ പാലായിൽ പ്രചാരണചൂടേറി. ഇടതു മുന്നണിയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ജോസ് കെ.മാണി ജനകീയം എന്ന പേരിൽ 20 മുതൽ 27 വരെ മണ്ഡലത്തിൽ പദയാത്ര നടത്തും. ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം എംപി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും കെ.എം.മാണിയുടെ കാലത്തെ വികസന നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദയാത്ര.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പദയാത്ര എത്തും. എൽഡിഎഫിന്റെ ബാനറിലാണ് പദയാത്ര. ജോസ് കെ.മാണിക്കൊപ്പം എൽഡിഎഫ് നേതാക്കളും പദയാത്രയിൽ അണിചേരും. മാണി സി. കാപ്പനും മണ്ഡല പര്യടനത്തോടെയാണ് പ്രചാരണരംഗത്തേക്ക് പ്രവേശിക്കുന്നത്. അടുത്ത മാസം മൂന്നു മുതൽ 10 വരെ മണ്ഡലത്തിൽ വികസനവിളംബര ജാഥ നടത്തും.
ഒരു ദിവസം രണ്ടു പഞ്ചായത്തുകളിൽ വാഹനപര്യടനം കേന്ദ്രീകരിക്കും. ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് പര്യടനമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയും കാപ്പന്റെ പര്യടനത്തിനു പിന്തുണ നൽകുന്നുണ്ട്.