കൊച്ചി: ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഭാര്യയെ മുഖത്തടിച്ച് സിഐ. നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മർദനത്തിൽ കർശന നടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. അന്വേഷണപുരോഗതി കൃത്യമായി അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഷൈമോള്‍ എന്ന യുവതിക്കായിരുന്നു മര്‍ദനമേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 2024 ജൂണ്‍ 20നായിരുന്നു സംഭവം. സിഐ പ്രതാപചന്ദ്രനാണ് യുവതിയെ മര്‍ദിച്ചത്. ഹൈക്കോടതിയുടെ ഇടപെടലുകളിലൂടെ പരാതിക്കാരിക്ക് ലഭിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ സിഐ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്.
നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടത്. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.ഒരു വർഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനുപിന്നാലെ ദൃശ്യങ്ങക്ഷ പുറത്തുവിടുകയായിരുന്നു.
വീടിന് സമീപത്തെ ഒരു സ്ഥാപനത്തില്‍ രണ്ട് പേര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും അവരെ പൊലീസ് എത്തി പിടിച്ചുകൊണ്ടുപോയതായും ഷൈമോളുടെ ഭര്‍ത്താവ് പറഞ്ഞു. രക്ഷിക്കണം എന്ന് പറഞ്ഞ് അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് താനും ഭാര്യയും അവിടേയ്ക്ക് പോയി. തങ്ങളെ കണ്ട പൊലീസുകാര്‍ അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്.
തൊട്ടടുത്ത ദിവസം എഫ്‌ഐആര്‍ പോലുമിടാതെ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. സ്റ്റേഷനില്‍ നിന്ന് തങ്ങളുടെ വീട്ടിലേയ്ക്ക് അധികം ദൂരമില്ല. പറഞ്ഞാല്‍ ഹാരജാരാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യാതൊരു അറിയിപ്പുമില്ലാതെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകുന്നതുകണ്ടാണ് ഷൈമോള്‍ സ്‌റ്റേഷനിലേക്ക് എത്തിയത്. അവള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്നും ഭര്‍ത്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അടക്കം കയറിയിറങ്ങി. വിവരാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഡമ്മികളാണ്. നേരിട്ട് കോടതിയില്‍ സമീപിച്ചാല്‍ ന്യായം കിട്ടുമെന്നും ഷൈമോളുടെ ഭര്‍ത്താവ് വ്യക്തമാക്കി.










