സിനിമാ ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ കുടുക്കിയത് നുണകൊണ്ടു കെട്ടിപ്പൊക്കിയ കള്ളക്കൊട്ടാരം തകർന്നപ്പോൾ. കേസിന്റെ ആദ്യ ദിനം മുതൽ തയ്യാറാക്കിയ തന്ത്രങ്ങളെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ തകർന്നു വീഴുകയായിരുന്നു. തന്റെ അഭിനയം കൊണ്ട് ആരെയും കുടുകുടാ ചിരിപ്പിക്കാനും കണ്ണ് നിറയ്ക്കാനും ദിലീപിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ജനപ്രിയതാരം ഉൾപ്പെട്ട യുവനടി കേസിൽ ആദ്യം മുതൽ അവസാനം വരെ ദിലീപ് കളിച്ച പൊറാട്ട് നാടകം ഒടുവിൽ പൊലീസ് പൊളിച്ചടുക്കുകയായിരുന്നു. കേസ് അന്വേഷണത്തിനിടെ ദിലീപ് നടത്തിയ കുതന്ത്രങ്ങൾ ഇങ്ങനെ.
ആണയിട്ട് പറഞ്ഞു
മുഖ്യമന്ത്രിയെയും വീഴ്ത്തി
നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മുഖ്യ പ്രതി പൾസർ സുനിയെ അറിയില്ലെന്നായിരുന്നു കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ദിലീപ് പറഞ്ഞുകൊണ്ടേ ഇരുന്നത്. സിനിമയിലുള്ളവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് വരുത്താൻ ദിലീപ് ശ്രമിച്ചുകൊണ്ടിരുന്നു.
ദിലീപിനെ ചോദ്യം ചെയ്തെന്ന് റിപ്പോർട്ടുകൾ പരന്നെങ്കിലും പൊലീസിനെ തന്നെ ഇറക്കി ഇതിനെ ചെറുക്കാനും ദിലീപ് മുന്നിട്ടിറങ്ങി. ആന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ദിലീപ് തനിക്കെതിരെ വരുന്ന ഓരോ ആരോപണവും നിഷേധിച്ചുകൊണ്ടിരുന്നു. സിനിമാ രംഗത്തെ പ്രമുഖരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും സങ്കടം പറഞ്ഞുകൊണ്ടിരുന്നു. താൻ ചിന്തിക്കുകപോലും ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവയ്ക്കുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. സിനിമാ രംഗത്തെ ഉന്നതർ വഴി മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. അതു വിശ്വസിച്ച് ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു
അഭിമുഖങ്ങളിൽ
വികാരഭരിതൻ
തന്റെ തന്ത്രം വിജയിച്ചെന്ന് തോന്നിയപ്പോൾ വിശുദ്ധനായി നടിച്ച് തല പുറത്തേക്ക് കാട്ടിത്തുടങ്ങി. മാർച്ചിലാണ് തന്റെ ഭാഗം വിശദീകരിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിലൂടെയായിരുന്നു താരം ആദ്യ വെളിപ്പെടുത്തലുകൾ നടത്തിയത്.
പിന്നീട് പല ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്നും, തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയും എടുത്തുകാട്ടുകയായിരുന്നു എല്ലാ അഭിമുഖങ്ങളിലും. നടിക്ക് അവസരങ്ങൾ നൽകിയത് താനാണ്. ‘ജീവിതത്തിലെ ഏറ്റവും കടുത്ത ഞെട്ടലുണ്ടാക്കിയ സംഭവമാണ് പ്രമുഖ നടിക്ക് നേരെ നടന്ന അക്രമത്തിൽ തന്റെ പേര് പരാമർശിക്കപ്പെട്ടത്.
താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോൾ ജീവിതം മടുത്തതായി തോന്നി. രാവിലെ എണീക്കുമ്പോൾ എന്താ ഏതാ എന്നറിയാത്ത ഒരു സാധനം നമുക്ക് നേരെ വരികയാണ്. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു’വെന്ന് തുടങ്ങി കേസിൽ തനിക്ക് ബന്ധമില്ലെന്ന് സ്ഥാപിക്കുന്ന സകല നമ്പറുകളും താരം ഇറക്കിയിരുന്നു.
തൃശൂരിലും
ആവർത്തിച്ചു
നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പേര് വലിച്ചഴക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് ആവർത്തിച്ചുകൊണ്ടേയിരുന്നു. ജോർജേട്ടൻസ് പൂരം എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനിടെ വികാരഭരിതനായാണ് ദിലീപ് ഇതിനെക്കുറിച്ച് സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് തനിക്ക് മനസിലായത് ഇതിലെ ഗൂഢാലോചന എനിക്ക് നേരെയാണെന്ന്. എന്റെ പ്രേക്ഷകരുടെ മനസിൽ വിഷവിത്ത് വിതയ്ക്കാനുള്ള ക്വട്ടേഷനാണെന്നും, മുംബൈയിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രമാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ചില പത്രങ്ങൾ ഇത് ഏറ്റുപിടിച്ചു. പതിവായി ചില ആരോപണങ്ങൾ വരുന്നത് പോലെ ഇതൊന്നും ഞാൻ മൈൻഡ് ചെയ്തില്ലെന്നും.
എന്നാൽ ചില പ്രമുഖ ദിനപത്രങ്ങൾ ഒന്നാം പേജിൽ എന്റെ പേര് പറയാതെ പറഞ്ഞ് വാർത്തകൾ നൽകി. അപ്പോഴാണ് ഞാൻ ഇതിന്റെ ഗൗരവം മനസിലാക്കിയത്. എനിക്ക് സംസാരിക്കാനുള്ളത് തന്റെ പ്രേക്ഷകരോട് മാത്രമാണ്. തനിക്ക് പതിനേഴ് വയസ്സുള്ള ഒരു മകളുണ്ട്, ഒരു ഭാര്യയും അമ്മയുമുണ്ട്. എന്റെ ജീവിതമെന്താണെന്നോ ഞാൻ എന്താണെന്നോ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്. ‘ എന്നിങ്ങനെ നീണ്ടു പ്രസംഗം.
പുറത്തായ കത്തിൽ
പരാതിയുമായി
പൊലീസിൽ
കഴിഞ്ഞ മാസമാണ് കേസന്വേഷണത്തിൽ നിർണ്ണായക വഴിത്തിരുവുണ്ടാക്കിയ കത്ത് പുറത്താകുന്നത്. ദിലീപേട്ടാ ഞാൻ സുനിയാണ് എന്ന് തുടങ്ങുന്ന കത്തിൽ കേസിനെ ചുറ്റിപ്പറ്റിയുള്ള നിരവധി കാര്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഈ കത്ത് പുറത്തായി നിമിഷങ്ങൾക്കകം ദിലീപിന്റെ പ്രതികരണമെത്തി. കത്ത് കാണിച്ച് പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു തന്നെയും നാദിർഷായെയും ഭീഷണിപ്പെടുത്തിയെന്നും, ഒന്നര കോടി ആവശ്യപ്പെട്ടുവെന്നും ദിലീപ് തുറന്നടിച്ചു.
കത്തിന്റെ പകർപ്പും ഫോൺകോൾ ശബ്ദരേഖയും സഹിതം മാർച്ച് 20ന് ഇരുവരും പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പറഞ്ഞു. എന്നാൽ, വിഷ്ണു ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് നടൻ ദിലീപും സംവിധായകൻ നാദിർഷയും പൊലീസിനു നൽകിയ ശബ്ദരേഖ എഡിറ്റു ചെയ്തതെന്ന് കണ്ടെത്തിയതോടെ ദിലീപിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നില്ല. എന്നാൽ, താൻ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസ് അന്വേഷണം നടക്കുന്നതെന്നായിരുന്നു ദിലീപ് പറഞ്ഞുകൊണ്ടേയിരുന്നത്. നടിയെ തള്ളിപ്പറയാനും മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കാനും ദിലീപ് ശ്രമിച്ചു.
ആ 13 മണിക്കൂറിലും
നിരപരാധി ചമഞ്ഞു
ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയ അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ കാര്യങ്ങൾ നീണ്ടുപോകുമെന്ന് അവർപോലും കരുതിയിരുന്നില്ല.
13മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. പൾസർ സുനിയെ അറിയില്ലെന്ന് തന്നെയാണ് ദിലീപ് പൊലീസിന് മൊഴി നൽകിയത്. നടിയുമായുണ്ടായ അഭിപ്രായ വ്യത്യാസം തുറന്നുപറഞ്ഞ താരം ഗൂഢാലോചനയിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്നു. കൂട്ടുകാരനും സംവിധായകനുമായ നാദിർഷാ, മാനേജർ അപ്പുണ്ണി എന്നിവരെയും ദിലീപിനൊപ്പം ചോദ്യം ചെയ്തിരുന്നു. ഇരുവരും ദിലീപിന് അനുകൂലമായുള്ള മൊഴിയാണ് പൊലീസിന് നൽകിയിരിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിന് ശേഷമുള്ള അമ്മയുടെ വാർഷിക മീറ്റിംഗിലും നടൻ ഇതേ നിലപാട് തുടർന്നു.
ആളറിയാതിരിക്കാൻ
എല്ലാം ഇടനിലക്കാർ വഴി
നീണ്ട ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്ക് പൊലീസിന് വ്യക്തമായി. മൂന്നു വർഷം മുമ്പാണ് ദിലീപ് സുനിയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, ഇരുവരെയും ബന്ധിപ്പിക്കാനുള്ള കണ്ണികളൊന്നും ആദ്യഘട്ടത്തിൽ പൊലീസിന് കണ്ടെത്താനായില്ല. സാൻവിച്ച് കാൾ എന്ന പേര് മലയാളിക്ക് പൊലീസ് പരിചയപ്പെടുത്തുന്നത് അപ്പോഴാണ്. പ്രതിയുമായി നേരിട്ട് ബന്ധപ്പെടാതെ ഇടനിലക്കാരന്റെ ഫോൺ വഴി സംസാരിക്കുക. എന്നാൽ, എന്താണ് സംസാരിക്കുന്നതെന്ന് ഇടനിലക്കാരനും അറിയുന്നില്ല. അപ്പുണ്ണിയുടെയും മറ്റു സുഹൃത്തുക്കളുടെയും ഫോണിലാണ് ദിലീപ് സുനിയുമായി സംസാരിച്ചിരുന്നത്. താനുമായി ഒരുതരത്തിലും സുനിയെ ബന്ധിപ്പിക്കാനാവാത്ത വിധത്തിലായിരുന്നു ഈ സംസാരങ്ങളെല്ലാം.
എന്നാൽ, അപ്പുണ്ണിയുടെ ഫോൺ പരിശോധിച്ച പൊലീസിനോട് ചില കാളുകൾ ചെയ്തത് ദിലീപാണെന്ന് അപ്പുണ്ണി തുറന്നു പറഞ്ഞു. അതായിരുന്നു ആദ്യത്തെ തുമ്പ്. പിന്നീട്, ഇരുവരെയും പരിചയമുള്ള പലരെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. എന്നാൽ, തങ്ങൾ നൽകുന്ന മൊഴി ദിലീപിനുള്ള കുരുക്കാണെന്ന് പലരും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. അത്ര കൃത്യമായിട്ടായിരുന്നു പൊലീസിന്റെ അന്വേഷണം.
ഗെയിം പ്ളാൻ പൊളിഞ്ഞു
ഒടുവിൽ പൊട്ടിക്കരഞ്ഞു
അതീവ രഹസ്യമായാണ് രണ്ടാം ഘട്ടം ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ഈ ചോദ്യം ചെയ്യലും 12 മണിക്കൂർ നീണ്ടു നിന്നു. ചോദ്യം ചെയ്യലിനെ തുടക്കത്തിൽ ധൈര്യത്തോടെ നേരിട്ടെങ്കിലും ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കൺമുന്നിൽ കാട്ടിക്കൊടുത്തതോടെ ദിലീപിന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതോടെ അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് അറിയിച്ചു. അതോടെ ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
മകളെയും ബന്ധുക്കളെയും കാണണമെന്ന് ദിലീപ് യാചിച്ചു. ആരേയും ഈ ഘട്ടത്തിൽ കാണാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ഉന്നതങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാൻ ആരും ഇടപെടില്ലെന്ന് ബോധ്യം വന്ന നിമിഷമായിരുന്നു അത്.


