കണ്ണൂരില്‍ സമാധാനം കൊണ്ടുവരാന്‍ പോലീസിന്റെ ‘പെണ്‍കെണി’; പി.എസ്.സി കോച്ചിംഗ് അടക്കം യുവാക്കളെ ലക്ഷ്യമിട്ട് കാക്കിപ്പട

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരയില്‍ മുങ്ങി നില്‍ക്കുന്ന ജില്ലയാണ് കണ്ണൂര്‍. കണ്ണൂരിലെ അക്രമ പരമ്പരകള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ വളരെയധികം ശ്രമങ്ങള്‍ പല മേഖലയില്‍ നിന്നും നടന്നിട്ടുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരവുമായി എത്തുകയാണ് കേരള പോലീസിലെ ഒരു വിഭാഗം.

വെട്ടും കുത്തും ബോംബേറുമടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ എന്നന്നേക്കുമായി ജില്ലയില്‍ നിന്നു തുടച്ചുനീക്കാനാണ് പോലീസിന്റെ തീരുമാനം. വിവാഹം, കടുംബം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും പെട്ടുപോയ യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്. പാനൂര്‍ ജനമൈത്രി പോലീസിന്റേതാണ് ഇടപെടല്‍. ആറു മാസം മുമ്പ് പാനൂര്‍ പോലീസ് തയ്യാറാക്കിയ ‘ഇന്‍സൈറ്റ്’ പദ്ധതി പച്ചപിടിച്ചു തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമപരിപാലനത്തിലൂടെ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടതോടെയാണ് പോലീസ് വേറെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. സംഘര്‍ഷങ്ങളില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടമായ പാനൂരിലെ യുവാക്കളില്‍ വിവാഹിതരാകാത്തവരെ കല്യാണം കഴിപ്പിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നായകന്മാരാക്കി പ്രശ്‌നങ്ങളില്‍ നിന്നും നീക്കി നിര്‍ത്താനാണ് ശ്രമം. പെണ്‍കെണി എന്ന ഓമനപ്പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒട്ടേറെ അവിവാഹിതരായ യുവാക്കളാണ് ഇവിടെ കേസില്‍ പെട്ട് കിടക്കുന്നത്. ഒരുപാട് പേര്‍ ജയിലില്‍ കിടക്കുമ്പോള്‍ അനേകം പേര്‍ കേസും കാര്യങ്ങളുമായി കോടതികള്‍ കയറിയിറങ്ങുകയും ചെയ്യുന്നു.

അതേസമയം മുമ്പ് കേസില്‍ പെട്ട ചിലര്‍ കല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവും ആയതോടെ പ്രശ്‌നങ്ങളില്‍ നിന്നും മാറി നിന്ന് സമാധാനജീവിതം നയിക്കുകയാണ്. ഇതോടെയാണ് യുവാക്കളുടെ ദിശമാറ്റി വിടുന്ന പരിപാടിയെക്കുറിച്ച് പോലീസ് ആലോചിച്ചതും പദ്ധതി തയ്യാറാക്കുന്നതും. പെണ്ണു കെട്ടാത്തവരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക, ഉന്നതവിദ്യാഭ്യാസമുള്ളവരെ സര്‍ക്കാര്‍ ജോലി കിട്ടുന്ന രീതിയിലേക്ക് പര്യാപ്തമാക്കുന്ന പിഎസ്സി പരിശീലനം നല്‍കുക തുടങ്ങിയ വന്‍കിട കാര്യങ്ങളാണ് ഇന്‍സൈറ്റ് പദ്ധതിയില്‍ പോലീസ് ലക്ഷ്യമിടുന്നത്.

സംഘര്‍ഷങ്ങള്‍ രൂക്ഷമായ പാനൂരിനെയാണ് പോലീസ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പിഎസ്സി കോച്ചിംഗിന് മാത്രമായി ജനമൈത്രി പോലീസ് പാനൂരിലും കൊളവല്ലൂരിലുമായി 20 കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പാരാമിലിറ്ററി ജോലിക്കും പരിശീലനം നല്‍ക്കുന്നുണ്ട്. പാനൂരിലെ യുവതയെ ലക്ഷ്യമിട്ട് വേനലവധിയില്‍ ഒരു സര്‍വേ നടത്താനുള്ള നീക്കത്തിലാണ് പോലീസ്. പാനൂര്‍ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ വരുന്ന 19,000 വീടുകളില്‍ അവിവാഹിതരുടെ കണക്കെടുക്കാനാണ് ഉദ്ദേശം.

ഇതില്‍ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസയോഗ്യതയും നിലവില്‍ ചെയ്യുന്ന ജോലിയുമടക്കം സമഗ്ര വിവരങ്ങള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരെ വീടുകള്‍ തോറും വിട്ട് ശേഖരിക്കും. പിന്നീട് സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗവും വിളിക്കും. ഇന്‍സൈറ്റിന്റെ വിജയമാണ് അവിവാഹിതരെ വിവാഹം കഴിപ്പിക്കാനുള്ള പദ്ധതിക്കും പോലീസിന് പ്രചോദനമായിരിക്കുന്നത്. ഇതിനൊപ്പം കേസില്‍ പെട്ട് ഒളിവില്‍ താമസിക്കുന്ന തങ്ങള്‍ക്കൊക്കെ ആരു പെണ്ണു തരാനാ എന്ന യുവാക്കളുടെ ചോദ്യവും പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.

Top