ശരണ്യയുടെ വെളിപ്പെടുത്തല്‍; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

കായംകുളം: പോലീസ് സേനയില്‍  ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയകേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  യൂത്ത് കോണ്‍ഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം സെക്രട്ടറി തൃക്കുന്നപ്പുഴ പാനൂര്‍ പള്ളിമുക്ക്തറയില്‍ നൈസലി (34)നെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി ശരണ്യയുടെ നിര്‍ണായക മൊഴികളെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസം ശരണ്യയെ വിശദമായ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവര്‍ ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചമുമ്പ് നൈസലിനെ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്കി നൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കുകയും ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.

പിന്നീട് മുഖ്യപ്രതി ശരണ്യയ്‌ക്കൊപ്പം ഇയാളെ നിര്‍ത്തി ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ വൈകുന്നേരത്തടെ നൈസലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കന്മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയ രംഗത്തെ മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയാണ്.Saranya +

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങള്‍ കേസിലുള്‍പ്പെട്ടവര്‍ക്കും നല്കിയെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്. 40 ലക്ഷം രൂപയുടെ ഇടപാടുകള്‍ ശരണ്യ നടത്തിയതായും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തട്ടിപ്പുകേസുകള്‍ പലതും രഹസ്യമായി ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി സ്വകാര്യ ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചതായും ബാങ്ക് നിക്ഷേപങ്ങളിലൂടെ ഇടപാട് നടത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഏഴുദിവസത്തെ ചോദ്യം ചെയ്യലിലാണ്  ക്രൈംബ്രാഞ്ച് ശരണ്യയെ  കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.

കഴിഞ്ഞദിവസം ശരണ്യയെ പത്തനംതിട്ട സീതത്തോട്ടില്‍ അന്വേഷണസംഘം കൂട്ടിക്കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവരുടെ ഭര്‍ത്താവ് പ്രദീപിന്റെ സീതത്തോട്ടിലെ വസതിയിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നും ചില രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുകയും ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് 32 കേസുകളാണ് മുഖ്യപ്രതി ശരണ്യയുടെ പേരില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ നൈസലിന്റെ പേര് ശരണ്യ നല്കിയെങ്കിലും പോലീസ് ഇത് ഗൗരവമായി അന്വേഷിച്ചില്ലെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണം.

ശരണ്യ മൊഴി നല്കിയിട്ടും നൈസലിനെ പോലീസ് ചോദ്യം ചെയ്തിരുന്നില്ല. മുന്‍പ് പോലീസ് ഒഴിവാക്കിയവരെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്‌റ്റോടെ തട്ടിപ്പുകേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തായി.

Top