ക്രൈം ഡെസ്‌ക്
ഡിൻഡോറി: പൂർണഗർഭിണിയായി എത്തിയ യുവതിയെ വയറിനുള്ളിൽ വച്ച് കുട്ടിമരിച്ചെന്നു വിശ്വസിപ്പിച്ച് ചികിത്സ നിഷേധിച്ച് ഡോക്ടർമാർ മടക്കി. വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ പാടവരമ്പിൽ പ്രസവിച്ച യുവതി, കുട്ടിയെയുമായി ആശുപത്രിയിൽ മടങ്ങിയെത്തിയതിൽ ക്ഷുഭിതയായ നഴ്‌സ് യുവതിയെ മർദിച്ചു. മധ്യപ്രദേശിലെ ഡിൻഡോറി ജില്ലയിലെ ചെറു ഗ്രാമത്തിൽ നിന്നു പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എട്ടുമാസം ഗർഭിണിയായ സമർവതി ദേവിയെന്ന 24 കാരിയെയാണ് ചികിത്സ നിഷേധിച്ച് ആശുപത്രിയിൽ നിന്നു മടക്കിയത്. പുതുവർഷ പുലരിയിൽ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. അതിയായ വേദനയും, പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പുതുവർഷ പുലരിയിൽ എത്തിച്ചത്. എന്നാൽ, പുതുവർഷ പുലരിയിൽ ആഘോഷത്തിനു ശേഷം ആശുപത്രിയിൽ എത്തിയിരുന്ന ഡോക്ടർമാർ കൃത്യമായ പരിശോധന നടത്താതെ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നു ഇവർ വളരെ വേദനയോടെ ആശുപത്രിയിൽ നിന്നു മടങ്ങി.
ആശുപത്രിയിൽ നിന്നു കിലോമീറ്ററുകളോളം പാടശേഖരങ്ങൾക്കു നടുവിലൂടെ നടന്നെങ്കിൽ മാത്രമേ ഇവരുടെ വീട്ടിലേയ്ക്കു എത്താൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ നടക്കുന്നതിനിടെ പാടശേഖരത്തിനു നടുവിൽ വച്ച് സമർവതി പ്രസവിക്കുകയായിരുന്നു. തുടർന്നു കുട്ടിയെയുമായി ആശുപത്രിയിൽ തിരികെ എത്തിയ സമർവതിയെ കള്ളം പറയുകയാണെന്നാരോപിച്ചു നഴ്‌സുമാർ സംഘം ചേർന്നു മർദിച്ചു. ആശുപത്രിയിൽ നിന്നു പുറത്തു പോകണമെന്നാവശ്യപ്പെട്ടാണ് സംഘം മർദിച്ചത്.


