ക്രൈം ഡെസ്‌ക്
കോട്ടയം: ഗർഭിണിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. കെട്ടിട നിർമ്മാണ കോൺട്രക്ടർ ഉഴവൂർ കൊണ്ടാട് കൂനംമാക്കിൽ അനീഷിനെയാണ് (35) പൊലീസ് പിടികൂടിയത്. സഹായിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ക്രൂര പീഡനത്തിന് ശേഷം മാനസികമായി തളർന്ന യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് മാസം ഗർഭിണിയായിരുന്നു യുവതി. ഇവരുടെ ഭർത്താവിന് അപകടം പറ്റിയെന്നും അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ അനീഷ് യുവതിയെയും കുഞ്ഞിനെയും തട്ക്കൊണ്ടുപോയത്. കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ കാറിലായിരുന്നു യാത്ര. അങ്കമാലിക്കാണെന്ന് പറഞ്ഞ് ഇവരെ വാഗമണ്ണിലെത്തിക്കുകയായിരുന്നു. വാഗമണ്ണിൽ പ്രതിക്ക് പട്ടയമായി കിട്ടിയ മൂന്നര എക്കർ സ്ഥലവും വീടുമുണ്ട് ഇവിടെ എത്തിച്ചായിരുന്നു പീഡനം.
യുവതിയെ കട്ടിലിൽ കെട്ടിയിട്ടായിരുന്നു പീഡനത്തിനിരയാക്കിയത്. ഒറ്റമുറി വീട്ടിൽ മൂന്ന് വയസുകാരൻ മകന്റെ കൺമുന്നിൽ വച്ചായിരുന്നു യുവതിയെ പീഡനത്തിനിരയാക്കിയത്. ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെ അനീഷ് യുവതിയെ മൂന്ന് ദിവസത്തോളം ക്രൂര പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.
ഇതേ സമയം ഭാര്യയേയും കുട്ടിയെയും ഇയാൾ കാറിൽ കയറ്റി കൊണ്ടു പോയതറിഞ്ഞ് യുവതിയുടെ ഭർത്താവ് അയൽ വാസിയായ അനീഷിന്റെ വീട്ടിലെത്തി. അപവാദം പറഞ്ഞ് പരത്തുകയാണെന്നാരോപിച്ച് അനീഷിന്റെ പിതാവും മക്കളും ചേർന്ന് ഇയാളെ പ്രതിയുടെ വീട്ടിൽ കെട്ടിയിട്ടു. യുവതിയുടെ ഭർത്താവ് വീട്ടലെത്തിയതറിഞ്ഞ് അനീഷ് ഇയാളെ ഫോണിൽ വിളിക്കുകയും പാലായിലെത്തിയാൽ ഭാര്യയെയും മകനെയും വിട്ടു നൽകാമെന്നറിയിക്കുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി കൂടാതെ ഇനിയൊരിക്കലും നീ നിന്റെ ഭാര്യയും മക്കളെയും കാണില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. ഭയന്നു വിറച്ച രാവിലെ പാലായിലെത്തി കാത്തു നിന്നു. ആ സമയം പാലാ ഹൈവേയിൽ കാറിലെത്തിയ അനീഷ് യുവതിയേയും മകനെയും ഇയാളുടെ അടുത്തെത്തിച്ചു സ്ഥലം വിട്ടു.
മാനസികവും ശാരീരികവുമായി തളർന്ന യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മനോനില തെറ്റിയ യുവതി മാസങ്ങൾക്ക് ശേഷവും സ്വബോധത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നില്ല. ഇതിനിടയിൽ പെൺകുട്ടിയുടെ അമ്മ വിവരമറിയുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് പ്രതിയെ ഇന്നു രാവിലെ പിടികൂടി.
മൂന്ന് വയസുകാരന്റെ മൊഴിയും കേസിൽ നിർണ്ണായകമാകും. കാറോടിച്ച കുറവിലങ്ങാട് സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


