സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ മൊബൈൽ കമ്പനിയായ ബിഎസ്എൻഎല്ലിനെ തകർക്കാൻ വെല്ലുവിളിയുമായി സ്വകാര്യ ലോബി. മറ്റേതൊരു മൊബൈൽ കമ്പനി നൽകുന്നതിൽ നിിന്നും ഏറ്റവും മികച്ച ഓഫറുകൾ നൽകി ബിഎസ്എൻഎൽ മുന്നേറുമ്പോഴാണ് ചതിയുടെ രാഷ്ട്രീയവും വ്യവസായവുമായി ഇപ്പോൾ ബിഎസ്എൻഎല്ലിനെ കുരുക്കാൻ സ്വകാര്യ ലോബി രംഗത്ത് എത്തുന്നത്. വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും സിംകാർഡുകൾക്കു ക്ഷാമം. ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ സിമ്മിനായി എത്തുന്നവരെ ബി.എസ്.എൻ.എൽ. ഓഫീസുകളിൽനിന്നു മടക്കിയയയ്ക്കുകയാണ്. ഇതോടെ വാഗ്ദാനങ്ങളുടെ പ്രയോജനം സ്ഥാപനത്തിനു ലഭിക്കാതായി. ഇതു ബി.എസ്.എൻ.എലിനു കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്.
മൂന്നാഴ്ചയായി ബി.എസ്.എൻ.എൽ. സിംകാർഡിനു കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഉപയോക്താക്കളെ തിരിച്ചയക്കേണ്ട സ്ഥിതി ഒഴിവാക്കാനായി അടിയന്തരമായി സംസ്ഥാനത്തിന് 50,000 സിമ്മുകൾ നൽകിയിരുന്നു. കഴിഞ്ഞ 11 -നാണു സിംകാർഡുകൾ അനുവദിച്ചത്.ഇതു ലഭ്യമാക്കിയിട്ടും ആവശ്യക്കാർക്കു പുതിയ സിം നൽകാനായിട്ടില്ല. ബി.എസ്.എൽ.എൽ. എംപ്ലോയിസ് യൂണിയൻ നിലവിലെ സിം ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തുടർന്നു വെള്ളിയാഴ്ച 21,000 സിമ്മുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇവ സിം ക്ഷാമമുള്ള ജില്ലകളിലേക്കു നൽകുമെന്നാണറിയുന്നത് .
50,000 സിംകാർഡുകളും ജില്ലാ അടിസ്ഥാനത്തിൽ 11 -മുതൽ വിതരണം ചെയ്തിരുന്നു. എറണാകുളം, കണ്ണൂർ, തൃശൂർ, കൊല്ലം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലേക്കു 5,000 സിം കാർഡുകളാണ് അനുവദിച്ചത്. പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു 4,000 സിം കാർഡുകൾ വീതമാണ് അനുവദിച്ചത്. അനുവദിച്ചതെല്ലാം ഇപ്പോൾ തീർന്നു. ചില ഓഫീസുകളിൽ അവശേഷിക്കുന്ന സിംകാർഡുകൾ തിരക്കുകൂടിയ ഓഫീസുകളിലേക്കു നൽകിയിരുന്നു. കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ മാനാഞ്ചിറ ബി.എസ്.എൻ.എൽ. ഓഫീസിൽ മാത്രം ഒരു ദിവസം 100 പുതിയ സിംകാർഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. സിമ്മുകൾക്കായി എത്തുന്നവരെ ഇപ്പോഴും തിരിച്ചയക്കുകയാണെന്നു ജീവനക്കാർ വ്യക്തമാക്കി. പുതിയ കണക്ഷനു പുറമേ നേരത്തെ ബി.എസ്.എൽ.എൽ. ഉപയോഗിക്കുന്നവർക്കു നാനോ സിമ്മിലേക്കു മാറാനുള്ള സൗകര്യവും സിംക്ഷാമത്തെ തുടർന്നു തടസപ്പെട്ടിരിക്കുകയാണ്. പുതിയ സിംകാർഡ് ലഭിച്ചാൽ മാത്രമേ നാനോ സിമ്മിലേക്കു മാറാൻ സാധിക്കുകയുള്ളൂ. ഇതും ബി.എസ്.എൽ.എലിനെ കുഴക്കുന്നുണ്ട്.
സിംകാർഡ് നിർമാണത്തിനായുള്ള ടെൻഡർ വിളിച്ചതിലെ അപാകതയാണു കടുത്തക്ഷാമത്തിനു കാരണമെന്നാണു ജീവനക്കാർ പറയുന്നത്. ദേശീയ അടിസ്ഥാനത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു സിം നിർമാണത്തിനുള്ള കമ്പനിയെ തെരഞ്ഞെടുക്കാറുള്ളത്. ഇപ്രകാരം ടെൻഡർ നടപടി പൂർത്തിയാക്കി സിം എത്തിക്കുന്നതിൽ വന്ന കാലതാമസമാണു പ്രശ്നമാകുന്നത്. അതേസമയം, മറ്റു ടെലികോം കമ്പനികളെ പരോക്ഷമായി സഹായിക്കുന്നതിനാണു സിംക്ഷാമമുണ്ടാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. 333 രൂപയുടെ ഡേറ്റ റീചാർജിൽ 90 ദിവസ കാലാവധിയിൽ 270 ജിബി 3ജി ലഭിക്കും വിധത്തിലായിരുന്നു ബി.എസ്.എൻ.എല്ലിന്റെ ഏറ്റവും അവസാനത്തെ ആകർഷക ഓഫർ.
ദിവസേന മൂന്നു ജിബിയാണ് ഈ പ്ലാൻ വഴി ലഭിക്കുക. അതായത് 1.23 രൂപയ്ക്ക് ഒരു ജിബി. മറ്റ് ടെലികോം കമ്പനികൾ നാലു ജി ഓഫറുമായി കടുത്ത മത്സരം സൃഷ്ടിക്കുമ്പോഴാണ് 3ജിയിൽ മറ്റാരും നൽകാത്ത ഓഫറുമായി മത്സരിക്കാൻ ബി.എസ്.എൻ.എൽ. രംഗത്തെത്തിയിരുന്നത്. പുതിയ പ്ലാനുകൾ എത്തിയതോടെയാണു സിമ്മിനായി ഉപഭോക്താക്കൾ ബി.എസ്.എൻ.എലിനെ ആശ്രയിച്ചത്.


