പൾസറിനെ അറിയില്ലെന്ന മൊഴി ദിലീപിനെ കുടുക്കി: രണ്ടര ലക്ഷം അഡ്വാൻസ് നൽകിയത് മാനേജർ അപ്പുണ്ണി; അന്വേഷണം ഇനി കാവ്യയിലേയ്ക്ക്

സിനിമാ ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ കുടുക്കിയത് പൾസർ സുനിയെ അറിയില്ലെന്ന മൊഴി. പൾസർ സുനിയ്ക്കു നൽകിയ പണം സംബന്ധിച്ച സൂചനകളോടെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇന്നലെ ദിലീപിന്റെ പിടിവിട്ടു പോയത്. ഇതോടെയാണ് ദിലീപിന്റെ അറസ്റ്റിലേയ്ക്കു പൊലീസ് കടന്നതും.
ദിലീപിനെതിരായ പൾസർ സുനിയുടെ കത്തും, ഇതിനെതിരെ ദിലീപ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ 13 മണിക്കൂറോളം പൊലീസ് ദിലീപ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ പൾസർ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് ദിലീപ് ആവർത്തിച്ചു വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനിടെ ഇടയ്ക്കു ദിലീപ് പൊലീസിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഉന്നത തലത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് അന്ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത്.
എന്നാൽ, പിന്നീട് ദിലീപിനെതിരെയുള്ള തെളിവുകൾ സ്വരുക്കൂട്ടുന്നതിലായിരുന്നു പൊലീസ് ശ്രദ്ധിച്ചത്. കഴിഞ്ഞ നാലുവർഷത്തിനിടെ ദിലീപ് അഭിനയിച്ച എല്ലാ സിനിമകളുടെയും ലൊക്കേഷനുകളിൽ എത്തിയ പൊലീസ് സംഘം ഇവിടെ നിന്നു തെളിവ് ശേഖരിക്കുകയായിരുന്നു. ഈ ലൊക്കേഷനുകളിലെല്ലാം ദിലീപിനൊപ്പം പൾസറിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ദിലീപിന്റെ ബിസിനസ് പാർട്ണർമാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
ദിലീപിന്റെ കണക്കുകളിൽ രണ്ടര ലക്ഷം രൂപയുടെ വ്യത്യാസം വരുത്തിയതാണ് പൊലീസ് സംഘത്തെ അന്വേഷണത്തിൽ നിർണായക ദിശയിലെത്തിച്ചത്. ദിലീപ് രണ്ടര ലക്ഷം രൂപയുടെ ഇടപാട് സംഭവത്തിനു രണ്ടു ദിവസം മുൻപ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ രണ്ടര ലക്ഷം രൂപ തന്റെ വ്യവസായിയായ സുഹൃത്തിനു നൽകിയെന്നായിരുന്നു ദിലീപ് പൊലീസ് സംഘത്തിനു നൽകിയ മൊഴി. എന്നാൽ, ഈ വ്യവസായിയുടെ അക്കൗണ്ട് ഇടപാടുകളിൽ ഒന്നും ഈ പണം കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇതേ തുടർന്നാണ് പൾസർ സുനിയുമായി ബന്ധപ്പെട്ടവരിൽ നിന്നു പൊലീസ് മൊഴിയെടുത്തത്. ഇതോടെയാണ് രണ്ടര ലക്ഷം രൂപ പൾസറിനു തന്നെയാണ് ദിലീപ് നൽകിയതെന്നു പൊലീസ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top