മലപ്പുറം : പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടർമാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തിൽ അൻവർ നൽകിയത്.
ആം ആദ്മി പാർട്ടിയെ കൂടെ നിർത്തി മുന്നണി ഉണ്ടാക്കി അൻവറിന്റെ പരീക്ഷണം. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത് മൂന്നാം മുന്നണിയായി മാറുമെന്നാണ് അൻവറിന്റെ അവകാശവാദം.
തൃണമൂലിന്റെ ചിഹ്നം ഒഴിവാക്കാനും തോൽവിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അൻവർ കണ്ടെത്തിയ മാർഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പാർട്ടിക്ക് രജിസ്ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അൻവറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അൻവർ ഉയർത്തിയ വിഷയങ്ങൾ മാത്രമാണ് മുന്നണിയിൽ ചേരാൻ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി.
അൻവറിന്റെ നാമ നിർദേശ പത്രിക സമർപ്പണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ തൃണമൂൽ ജില്ലാ നേതാക്കൾ പങ്കെടുത്തു. ഈ മുന്നണി ഒരു മൂന്നാം മുന്നണിയായി വളരുമെന്നാണ് ഇരു പാർട്ടികളുടെയും അവകാശവാദം. സമീപകാലത്ത് കൂടുതൽ ചെറുപാർട്ടികൾ മുന്നണിയിലെത്തുമെന്ന് അൻവർ അവകാശപ്പെടുന്നുണ്ട്. പ്രധാനമായും ചെറിയ ദളിത് സംഘടനകൾ പ്രാദേശികമായി ബന്ധിച്ചു നിൽക്കുന്ന ഗ്രൂപ്പുകൾ എന്നിവയാണ് അൻവർ ലക്ഷപ്പെടുന്നത്. അടുത്തു തെരഞ്ഞെടുപ്പിന് മുമ്പ് ഇവയെ തൃണമൂലിൽ ലയിപ്പിക്കാനും അൻവർ ലക്ഷ്യമിടുന്നുണ്ട്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.
തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നി കാണുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.










