മലപ്പുറം: നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു കയറി. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.11005 ലേറെ വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥി എം സ്വരാജിനെ ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ഇതോടെ പത്ത് വര്‍ഷത്തിന് ശേഷം നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചു.
എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ മകന്‍ ഷൗക്കത്ത് ഇനി എംഎല്‍എയാകും. നിലമ്പൂരില്‍ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. പി.വി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോള്‍ യുഡിഎഫിന് ഇരട്ടി മധുരം. തുടക്കം മുതല്‍ ലീഡ് നേടിക്കൊണ്ടാണ ആര്യടന്‍ ഷൗക്കത്ത് വിജയിച്ചു കയറിയത്. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എല്‍ഡിഎഫ് കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
2016 ല്‍ അന്‍വര്‍ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 2005 ല്‍ സിപിഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം അസ്തമിച്ചു തുടങ്ങിയപ്പോള്‍ നിലമ്പൂരില്‍ അദ്ദേഹത്തിന്റെ സീറ്റില്‍ മത്സരിച്ചു. കോണ്‍ഗ്രസിലും ലീഗിലും ഇത് ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അന്‍വര്‍ നിലമ്പൂരില്‍ നോട്ടമിട്ടപ്പോള്‍ ഷൗക്കത്തിന് ആരാടന്റ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തല്‍ക്കാലത്തേക്ക് കൈവിടേണ്ടി വന്നു.










