‘റിമ’യുടെ പൊരിച്ച മീനിൽ നിന്നല്ല,നങ്ങേലി മുറിച്ച മുലയിൽ നിന്നാണ്‌ കേരളത്തിൽ ഫെമിനിസം ആരംഭിക്കുന്നത്‌

പലരും കരുതും പോലെ കേരളത്തിന്റെ ഫെമിനിസ്റ്റ്‌ ചരിത്രം ആരംഭിക്കുന്നത്‌ റിമ കല്ലിങ്കലിന്റെ ആ “പൊരിച്ച മീനിൽ” നിന്നല്ല, അത്‌ ഈഴവ പെണ്ണായ നങ്ങേലി മുറിച്ച മുലയിൽ നിന്നാണ്‌. അതെ, മുലക്കരം ചോദിച്ച്‌ വന്ന അധികാരികൾക്ക്‌ മുലയറുത്ത്‌ കൊടുത്തുകൊണ്ട്‌ “എന്റെ ശരീരം എന്റെ അവകാശം” എന്ന് 1800കളിൽ തന്നെ, ഒരു രാഷ്ട്രീയ മുദ്രാവാക്യം അതിന്റെ ഏറ്റവും ശക്തമായ ഭാഷയിൽ നങ്ങേലി കേരളത്തിൽ പ്രക്യാപിക്കുന്നുണ്ട്‌.

അവൾ അറുത്തുകൂട്ടി ചേമ്പിലയിൽ പൊതിഞ്ഞു നീട്ടിയ അവളുടെ ‌”മാംസം” കണ്ട്‌ പട്ടാളം കണ്ടം വഴി ഓടി എന്നാണ്‌ ചരിത്രം. പറഞ്ഞ്‌ വന്നത്‌, കേരളം “പൊരിച്ച മീൻ” കിട്ടാതെ ഫെമിനിസ്റ്റായ റിമയുടെ മാത്രം കേരളമല്ല. ഇത്‌ മുലയറുത്ത്‌ കൊടുക്കേണ്ടി വന്ന നങ്ങേലിയുടെ കൂടി കേരളമാണ്‌. അവളുടെ ചിതയിൽ ചാടി ആത്മഹൂതി ചെയ്ത അവളുടെ ഭർത്താവായ കണ്ടപ്പന്റെയും കേരളമാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ ചരിത്രത്തെയാണ്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സി.ബി.എസ്‌.ഇ ഒൻപതാം ക്ലാസ്‌ പാഠപുസ്തകത്തിൽ നിന്ന് പണ്ട്‌ കീറിക്കളഞ്ഞത്‌. അതായത്‌, ദളിത്‌ പിന്നോക്ക മുസ്ലീം സ്ത്രീയുടെ ചരിത്രത്തിനു മേൽ പോലും സവർണ്ണാധികാരം ഇപ്പോഴും തുടരുകയാണ്‌. കേരളത്തിൽ കുടിയേറ്റ കർഷകരായിരുന്ന പെണ്ണുങ്ങൾ ആണുങ്ങൾക്കൊപ്പം ഇരുന്ന് കള്ള്‌ കുടിക്കുകയും അവർക്കൊപ്പം ഒരേ തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്തിരുന്നതായി കാണാം.
ആ സംസ്കാരത്തെ അട്ടിമറിക്കുന്നത്‌ പോലും ജാതി അധികാരങ്ങളാണ്‌.

അതുകൊണ്ടാണ്‌ വീണ്ടും വീണ്ടും പറയുന്നത്‌, കേരളത്തിലെ ദളിത്‌ മുസ്ലീം പിന്നോക്ക സ്ത്രീ സ്വത്വങ്ങളെ അഡ്രസ്സ്‌ ചെയ്യാതെ ഈ ‘തീന്മേശ ഫെമിനിസം’ കൊണ്ടൊന്നും ഒരിഞ്ചുപോലും നിങ്ങൾക്ക്‌ മുന്നോട്ട്‌ പോകാനാവില്ലെന്ന്. ഇനിയെങ്കിലും നിങ്ങൾ ഹാദിയയെ കുറിച്ച്‌, ചിത്രലേഖയെ കുറിച്ച്‌, ഗോമതിയെ കുറിച്ച്‌ സംസാരിക്കൂ. “പൊരിച്ച മീൻ” കൂട്ടി ഉണ്ണാൻ ഇനിയും സമയം ഉണ്ടെല്ലോ..
(കെ.എസ്‌.യു നേതാവാണ്‌ ലേഖകൻ)

Top