തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രം..!! വിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്

തൃശൂര്‍ പൂരത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത നടി റീമ കല്ലിങ്കല്‍ രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തിനെതിരായ തന്റെ വിമര്‍ശനം ഉയര്‍ത്തിയത്.

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് റിമ പറഞ്ഞു. ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിക്കുന്നു. ‘ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ”റിമ ചോദിക്കുന്നു.

”നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? ”എല്ലാവരും ഒരുമിച്ച് പോകുന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്” റിമ പറഞ്ഞു.

തൃശൂര്‍ പൂരത്തിനെത്തുന്ന ജനക്കൂട്ടത്തിനെ പുരുഷാരം എന്ന് വിളിക്കുന്നതിനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുരുഷന്മാര്‍ മാത്രമെത്തുന്ന പരിപാടിയായിട്ട് സങ്കല്‍പ്പിക്കുന്നതിനാലാണ് ഇത്തരമൊരു വാക്കുതന്നെ വന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും പല സ്ത്രീകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്നെ പ്രതികരിച്ചിരുന്നു.

ഈ സന്ദര്‍ഭത്തില്‍ റിമ കല്ലിങ്കലിന്റെ വിമര്‍ശനം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് പലരും കരുതുന്നത്. പൂരം പുരുഷന്മാരുടെ കൂട്ടം മാത്രമാകാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടമുള്ള ആഘോഷമായിമാറുമെന്നും ഇവര്‍ കരുതുന്നു.

Top