കള്ളന്റെ കയ്യില്‍ നിന്നും മോഷ്ടിച്ചപണം തട്ടിക്കൊണ്ട് പോയ കാറ്റ്

ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം മുഴുവന്‍ കൈക്കലാക്കിയ കള്ളന്മാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആ കാറ്റ് വന്നത്. പിന്നെ പണം മുഴുവന്‍ പറന്ന് പോകുന്നത് നിസഹായരായി നോക്കി നില്‍ക്കാനെ ആ കള്ളന്മാര്‍ക്ക് കഴിഞ്ഞുള്ളു. ഇംഗ്ലണ്ടിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലായിരുന്നു സംഭവം. പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കഴിഞ്ഞ മാസം 17ന് നടന്ന സംഭവങ്ങള്‍ കുടുങ്ങിയത്. കള്ളന്മാരെ തിരിച്ചറിയുന്നതിനായാണ് പോലീസ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് പേര്‍ ചേര്‍ന്നായിരുന്നു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും പണം കവര്‍ന്നത്. മോഷ്ടിച്ച പണം മുഴുവന്‍ പാന്റ്‌സിന്റെ പോക്കറ്റിലും മറ്റും കുത്തിനിറച്ചാണ് അവര്‍ പുറത്തിറങ്ങിയത്. അപ്പോഴാണ് വില്ലനായി കാറ്റ് എത്തിയത്. മോഷ്ടാക്കളിലൊരാളുടെ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ പറന്ന് റോഡില്‍ വീണു. ഇതെടുക്കാനായി മറ്റേ മോഷ്ടാവും ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. പറന്ന് പോയ നോട്ടുകള്‍ എടുക്കാന്‍ നോക്കവെ ബാക്കിയുണ്ടായിരുന്ന പണവും കാറ്റില്‍ പറന്ന് പോവുകയായിരുന്നു.

Top