സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീം കോടതിയിൽ 27 നു ഹാജരാകുന്നതിനായി ഹാദിയയെ ട്രെയിനിൽ കൊണ്ടു പോകാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചത് സംഘപരിവാർ ആക്രമണ ഭീഷണിയെ തുടർന്ന്. കേരള എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റ് പൂർണമായും പൊലീസുകാരെകൊണ്ടു നിറച്ച് ഹാദിയയെ ഡൽഹിയിൽ എത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, ആറു മാസത്തോളം പിതാവിനൊപ്പം കഴിഞ്ഞിട്ടും തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്ത ഹാദിയയെ അപായപ്പെടുത്താൻ സംഘപരിവാർ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു. കേരള എക്‌സ്പ്രസ് കടന്നു പോകുന്ന സംഘപരിവാർ കേന്ദ്രങ്ങളിൽ വച്ച് പെൺകുട്ടിയെ അപായപ്പെടുത്താനായിരുന്നു നീക്കം. ഇതോടെയാണ് പൊലീസ് അവസാന നിമിഷം യാത്ര മാറ്റി വച്ചത്.
ലൗ ജിഹാദിനു വിധേയയായതായി സംഘപരിവാർ സംഘടനകൾ ആരോപിക്കുന്നവൈക്കം സ്വദേശിയായ അഖിലയെന്ന ഹാദിയയെ 27 നു നേരിട്ടു ഹാജരാക്കണമെന്നു സുപ്രീം കോടതി പിതാവ് അശോകനു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഉച്ചയോടെ വൈക്കത്തെ വീട്ടിൽ നിന്നും പൊലീസ് അകമ്പടിയിൽ ഹാദിയയെ കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്നു വിമാന മാർഗമാണ് ഹാദിയയെ ന്യൂഡൽഹിയിലേയ്ക്കു കൊണ്ടു പോയത്.
ആദ്യം ഹാദിയയെ ട്രെയിൻ മാർഗം കൊണ്ടു പോകുന്നതിനു പദ്ധതി തയ്യാറാക്കി ജില്ലാ പൊലീസ് അംഗീകാരത്തിനായി സംസ്ഥാന പൊലീസ് മേധാവിക്കു സമർപ്പിച്ചിരുന്നു. ഹാദിയയുടെ പിതാവ് അശോകനും മകളെ ട്രെയിൻ മാർഗം കൊണ്ടു പോകുന്നതിനായിരുന്നു താല്പര്യം. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിയും, രഹസ്യാന്വേഷണ വിഭാഗം മേധാവിയും നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ യാത്രയിലെ ആക്രമണ സാധ്യത കണ്ടെത്തിയത്. കേരള എക്‌സ്പ്രസ് കടന്നു പോകുന്നത് ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും സ്വാധീന ശേഷി ഏറെയുള്ള തട്ടകങ്ങളിലൂടെയാണ്. ഇത്തരം സ്ഥലങ്ങളിൽ ഹാദിയക്കു നേരെ വളരെ വേഗത്തിൽ തന്നെ ഇവർക്കു ആക്രമണം നടത്താൻ സാധിക്കുമെന്നാണ് കേരള പൊലീസ് കണ്ടെത്തിയത്. തുടർന്നു പൊലീസ് ട്രെയിൻ യാത്രയെന്ന സാധ്യത പൂർണമായും ഒഴിവാക്കി, വിമാനത്തിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.


