സ്വന്തം ലേഖകൻ
തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് മുൻപ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ സഹോദരന്റെ ക്വട്ടേഷനെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതു സംബന്ധിച്ചു കൃത്യമായ സൂചന ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഫായിസ്, ജിതേഷ്, കാർത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഗുരുവായൂർ നെന്മനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാലുവർഷം മുമ്പ് സിപിഎം പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്.
ഫാസിലിൻറെ സഹോദരനാണ് പിടിയിലായ ഫായിസ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂർ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


