പത്തനംതിട്ട: രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ശതം സമര്‍പ്പയാമി വൈറലാണ്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ധനസമാഹരണ പരിപാടിയിലേക്ക് പണം ശേഖരിക്കാന്‍ തുടങ്ങിവെച്ച ക്യാംപെയ്ന്‍ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണമായി. ഇതിനെതിരെ കര്‍മ്മസമിതി നിയമനടപടിക്ക്. അക്കൗണ്ട് നമ്പര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് പരാതി.
സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ നടന്ന അക്രമസംഭവങ്ങളുടെ ഭാഗമായി അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കാനാണ് ‘ധര്‍മ്മയോദ്ധാക്കള്‍ക്കൊരു സ്നേഹാശ്ലേഷം’ എന്ന പേരില്‍ ശബരിമല കര്‍മ്മസമിതി ‘ശതം സമര്‍പ്പയാമി’ എന്ന അപേക്ഷയുമായി വന്നത്.
അക്രമങ്ങളുടെ ഭാഗമായി ജയിലിലായവരെ സംരക്ഷിക്കാന്‍ നൂറു രൂപ സംഭാവന ചെയ്ത് അതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രദര്‍ശിപ്പിക്കാനായിരുന്നു ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകയും ഹിന്ദു ഐക്യവേദി നേതാവുമായ കെ.പി ശശികലയുടെ ആഹ്വാനം.
എന്നാല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും കെ.പി. ശശികലയുടെയും ഫോട്ടോയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് ഒരുവിഭാഗം പ്രചരണം നടത്തി. ഇതിനു പിന്നില്‍ സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളാണെന്നും ഈ പ്രചരണം വിശ്വസിച്ച് കര്‍മ്മസമിതിക്കാണെന്നു കരുതി നിരവധി പേര്‍ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിച്ചെന്നാണ് പരാതി.