അറസ്റ്റ് ചെയ്യാന്‍ രാഹുലിനെ തേടി പോലീസ്; കേരളം വിട്ടെന്ന് രാഹുല്‍, അഭയകേന്ദ്രം കര്‍ണാടകയില്‍

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേദശിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ്. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് ഇതുവരെ രാഹുലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ കേരളം വിട്ടിരിക്കുന്നു. കര്‍ണാടകയിലാണ് രാഹുല്‍ ഇപ്പോള്‍ ഉള്ളത്.

ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് രാഹുല്‍ ഈശ്വര്‍. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് ഇല്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിലാണ് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിക്കുന്നത് വരെ ഇവിടെ കഴിയുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ജാമ്യം ലഭിക്കുന്നതിന് നീക്കം നടത്താന്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേഷനില്‍ ഹാജരാകുകയോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഒപ്പിടുകയോ ചെയ്തില്ല. അന്വേഷണവുമായി രാഹുല്‍ ഈശ്വര്‍ സഹകരിക്കാത്തത് മൂലം അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും കോടതി വിലയിരുത്തി.
സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയിരുന്നു. പോലീസ് തടഞ്ഞ വേളയില്‍ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജാമ്യം അനുവദിക്കുന്ന വേളയില്‍ കോടതി ഉപാധി വച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ ഇത്തരം നടപടികളാണ് ജാമ്യം റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

Latest
Widgets Magazine